ഫ്ലാറ്റ് ഉടമ പണം വാഗ്ദാനം ചെയ്തെന്ന് മരിച്ച കുമാരിയുടെ ഭർത്താവ്; ഫ്ലാറ്റുടമയും കുടുംബവും ഒളിവിലെന്നാണ് പൊലീസ്

    കൊച്ചി: മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ നിന്നും വീട്ടുജോലിക്കാരി വീണു മരിച്ച സംഭവത്തിൽ ഫ്ലാറ്റുടമയ്ക്കെതി‌രെ ഗുരുതര ആരോപണവുമായി മരിച്ച കുമാരിയുടെ ഭര്‍ത്താവ് ശ്രീനിവാസന്‍. കേസുമായി മുന്നോട്ട് പോവരുതെന്നും പണം തരാമെന്ന് വാഗ്ദാനം ചെയ്തെന്നും ശ്രീനിവാസന്‍ പറഞ്ഞു. ഉടമയുടെ ബന്ധുക്കള്‍ വെള്ളപ്പേപ്പറില്‍ ഒപ്പുവയ്പിച്ചെന്നും ശ്രീനിവാസന്‍ ആരോപിച്ചു. ഇതിനിടെ കേസെടുത്തതിനു പിന്നാലെ ഇയാളും കുടുംബവും ഒളിവിൽ പോയെന്നാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് പറയുന്നത്.

    മറൈന്‍ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്‌ലാറ്റിന്റെ ആറാം നിലയില്‍ നിന്ന് വീണാണ് വീട്ടു ജോലിക്കാരിയായ തമിഴ്‌നാട് സ്വദേശിനി കുമാരി മരിച്ചത്. സംഭവത്തില്‍ ഫ്‌ലാറ്റുടമ ഇംതിയാസിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കുമാരിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം ഫ്‌ലാറ്റുടമയ്ക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

    ഫ്ലാറ്റുടമയെ അന്വേഷിച്ച് പൊലീസ് എത്തിയെങ്കിലും രണ്ടുദിവസമായി ഇവിടെ എത്തിയിട്ടില്ലെന്ന മറുപടിയാണ് സെക്യൂരിറ്റി ജീവനക്കാരൻ നൽകിയത്. അഭിഭാഷകനെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ലെന്നും പൊലീസ് പറയുന്നു.  ഇതിനിടെ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം ആരംഭിച്ചതായും വിവരമുണ്ട്.

    മറൈന്‍ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്‌ലാറ്റിന്റെ ആറാം നിലയില്‍ നിന്ന് വീണാണ് വീട്ടു ജോലിക്കാരിയായ തമിഴ്‌നാട് സ്വദേശിനി കുമാരി മരിച്ചത്. സാരികള്‍ കൂട്ടിക്കെട്ടി താഴേക്കിറങ്ങി രക്ഷപെടാനുളള ശ്രമത്തിനിടെയാണ് കുമാരിക്ക് ഗുരുതരമായി പരിക്കേറ്റത്.

    ഇന്നലെ പുലര്‍ച്ചെ കൊച്ചി മരടിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കുമാരി മരിച്ചത്. തുടര്‍ പരിശോധനയില്‍ കൊവിഡ് പോസിറ്റീവാണെന്നും വ്യക്തമായി.