തിരുവനന്തപുരം: പൊലീസുകാരുടെ കാത്തിരിപ്പിനൊടുവില്‍ മോഷ്ടാവ് വിഴുങ്ങിയ തൊണ്ടി മുതല്‍ വിസര്‍ജ്യത്തിലൂടെ പുറത്തുവന്നു. തിരുവനന്തപുരത്താണ് ‘തൊണ്ടി മുതലും ദൃക്സാക്ഷിയും’ എന്ന സിനിമയ്ക്കു സമാനമായ സംഭവം അരങ്ങേറിയത്. മോഷ്ടാവിന്റെെ വിസര്‍ജ്യത്തിലൂടെ പാദസരത്തിന്റെ കൊളുത്ത് മാത്രമാണ് പുറത്തുവന്നത്. ഇതോടെ മോഷ്ടാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും തിരുവനന്തപുരത്തെ ജില്ലാ ജയിലിലേക്ക് മാറ്റി.
തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ മോഷണം നടത്തിയ പ്രതിയാണ് പൊലീസിനെ പൊല്ലാപ്പിലാക്കിയത്.നാലു ദിവസമാണ് പൊലീസുകാര്‍ തൊണ്ടി മുതലിനായി കള്ളനൊപ്പം കാവലിരുന്നത്. പാദസരത്തിന്റെ ബാക്കി ഭാഗം വിസര്‍ജ്യത്തിലൂടെ പുറത്ത് പോയിരിക്കാമെന്നാണ് ആശുപത്രി അധികൃതരുടെയും പൊലീസിന്റെയും നിഗമനം. എക്സ്റേയില്‍ മോഷ്ടാവിന്റെ വയറിനുള്ളില്‍ പാദസരം കിടക്കുന്നത് പൊലീസ് കണ്ടെത്തിയിരുന്നു.
മോഷ്ടിച്ച മാല വിഴുങ്ങിയ പൂന്തൂറ പള്ളിത്തെരുവ് മുഹമ്മദ് സിദ്ദിഖ് (42) നാലു ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണു ജയിലിലായത്. വെളളിയാഴ്ച വൈകിട്ടാണ് തൊണ്ടി മുതലും ദൃക്സാക്ഷിയും സിനിമയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന സംഭവം നടന്നത്. പാലക്കാട് നിന്ന് എത്തിയ അധ്യാപിക ദമ്പതിമാരായ അജികുമാറിന്റെയും മിനിയുടെയും മൂന്നര വയസ്സുള്ള മകളുടെ നാലര ഗ്രാം സ്വര്‍ണ പാദസരമാണ് മുഹമ്മദ് സിദ്ദിഖ് മോഷ്ടിച്ചത്. മാതാപിതാക്കള്‍ ഇത് കണ്ടതോടെ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.
നാട്ടുകാരും സ്ഥലത്ത് ഉണ്ടായിരുന്ന പൊലീസും ചേര്‍ന്ന് പിടികൂടുന്നതിനിടയില്‍ പാദസരം വിഴുങ്ങി. കുറ്റം നിഷേധിച്ച പ്രതിയില്‍നിന്ന് തൊണ്ടി വീണ്ടെടുക്കാനായി പൊലീസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ജുഡീഷ്യല്‍ കസ്റ്റഡിയിലായ പ്രതിയുടെ എക്സ്റേയില്‍ പാദസരം വയറിനുള്ളില്‍ കണ്ടെത്തി.