മദ്യപർക്ക് ആശ്വസിക്കാം; നികുതി കുറച്ച് മദ്യ വില കുറയ്ക്കുന്നത് പരിഗണനയിലെന്ന് എക്‌സൈസ് മന്ത്രി

    തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കുറയ്ക്കുന്നത് പരിഗണനയിലെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. മദ്യത്തിനുള്ള നികുതിയിൽ ഇളവ് നൽകണമെന്ന നിര്‍ദ്ദേശം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മദ്യത്തിന്റെ വില വർധിപ്പിച്ചതിനു പിന്നിൽ അഴിമതിയുണ്ടെന്ന പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി വ്യക്തമാക്കി.

    നിലവിൽ കേരളത്തിലാണ് മറ്റ് സംസ്ഥനങ്ങളേക്കാള്‍ ഉയര്‍ന്ന മദ്യനികുതിയുള്ളത്. അസംസ്‌കൃത വസ്തുകളുടെ വില വര്‍ധനയാണ് മദ്യവില കൂട്ടാന്‍ കാരണം. നികുതി കുറച്ചുകൊണ്ട് വില നിയന്ത്രിക്കുന്നത് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

    സംസ്ഥാനത്ത് പുതുക്കിയ മദ്യ വില വര്‍ധന ഫെബ്രുവരി ഒന്ന് മുതലാണ് പ്രാബല്യത്തിൽ വരുന്നത്. അടിസ്ഥാന വിലയിൽ 30 രൂപ മുതല്‍ 40 രൂപ വരെയാണ് വർധിക്കുക.

    അസംസ്‌കൃത വസ്തുക്കള്‍ക്ക് വില വര്‍ധിച്ചതിനാല്‍ മദ്യത്തിന്‍റെ വില കൂട്ടണമെന്ന് കമ്പനികള്‍ ബിവറേജസ് കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച് അടിസ്ഥാന വില ഏഴ് ശതമാനം വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ബെവ്കോ ആവശ്യപ്പെട്ടിരുന്നു. ഈ വർധനവിനാണ് സർക്കാർ അനുമതി നൽകിയത്.

    അതേസമയം  ബിയറിനും വൈനിനും വില വര്‍ധനയില്ല. നിലവിലുള്ള ബ്രാന്‍ഡുകള്‍ പേരിനൊപ്പം സ്‌ട്രോങ്ങ്, പ്രീമിയം, ഡിലക്‌സ് എന്ന് പേര് ചെര്‍ത്ത് പുതിയ ടെണ്ടര്‍ നല്‍കിയിട്ടുണ്ടെങ്കിലും അവയ്ക്ക് വില വര്‍ധന അനുവദിക്കില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.