തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദൻ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷസ്ഥാനം രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ആരോഗ്യപരമായ കാരണങ്ങളാണ് രാജിയെന്ന് വി.എസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഭരണപരിഷ്കാര കമ്മീഷന്റേതായി 13 റിപ്പോർട്ടുകളാണ് വി.എസ് അച്യുതാനന്ദൻ സർക്കാരിന് നൽകിയത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായിക്കൊപ്പം ഇടതുമുന്നണിയെ നയിച്ച വി എസ് അച്യുതാനന്ദൻ ഒരു ടേം എങ്കിലും മുഖ്യമന്ത്രിയാകുമെന്ന് കരുതിയവർ ഏറെയായിരുന്നു. എന്നാൽ അതുണ്ടായില്ല. ഇടതു മുന്നണി ഭൂരിപക്ഷം നേടിയതിനു പിന്നാലെ പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരമേറ്റു. സി.പി.എമ്മിൽ പൊട്ടിത്തെറി പ്രതീക്ഷിച്ചവരെ അദ്ഭുതപ്പെടുത്തി വി.എസ് അച്യുതാനന്ദൻ അച്ചടക്കമുള്ള സി.പി.എമ്മുകാരനായി.
എതിർ വാക്കുകളില്ലാതെ പാർട്ടി തീരുമാനം അംഗീകരിച്ചു.
വി.എസിന് എന്ത് പദവി നൽകും എന്നതായിരുന്നു പിന്നീടുള്ള ചോദ്യം. ഏറെ അനിശ്ചിതത്വങ്ങൾക്ക് ശേഷം ക്യാബിനറ്റ് റാങ്കോടെ ഭരണപരിഷ്കാര കമ്മിഷനായി നിയമിക്കാൻ തീരുമാനിക്കുകയായിരുന്നു.
2016 ഓഗസ്റ്റ് 18നാണ് വി.എസ് അച്യുതാനന്ദൻ ഭരണ പര്ഷ്ക്കാര കമ്മീഷൻ അധ്യക്ഷനായി ചുമതലയേറ്റത്. ഈ മാസമാദ്യം ഔദ്യോഗികവസതി ഒഴിഞ്ഞ് മകൻറെ വീട്ടിലേക്ക് താമസം മാറ്റിയപ്പോൾത്തന്നെ വിഎസിൻ്റെ രാജി വൈകില്ലെന്ന് വ്യക്തമായിരുന്നു. കാലാവധി അവസാനിക്കും മുൻപ് രാജിവച്ച് വി എസ് വീണ്ടും വാർത്തയായി.
സംസ്ഥാനത്തുടനീളം സഞ്ചരിച്ച് ജനങ്ങളുമായി സംവദിച്ചാണ്
ഭരണപരിഷ്കാര റിപ്പോർട്ടുകൾ തയാറാക്കിയത്. അനാരോഗ്യം കാരണം ചർച്ചകൾ നടത്താനോ യോഗങ്ങൾ വിളിക്കാനോ കഴിയുന്നില്ല. അതിനാലാണ് രാജി. കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടുകളിൽ സർക്കാർ എടുക്കുന്ന തുടർ നടപടികളാണ് ചെലവഴിച്ച രൂപയുടെ മൂല്യം നിശ്ചയിക്കുന്നതെന്നു വിഎസ് വ്യക്തമാക്കുന്നു. റിപ്പോർട്ടുകളിൽ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷ പങ്കുവച്ചാണ് വി.എസിൻ്റെ വാർത്താക്കുറിപ്പ് അവസാനിക്കുന്നത്.
ഭരണപരിഷ്കാര കമ്മീഷൻ റിപ്പോർട്ടുകളിൽ ഒന്നിൽപ്പോലും സർക്കാർ നടപടിയെടുത്തിട്ടില്ല. ഈ സാഹചര്യത്തിൽക്കൂടിയാണ് ചെലവിൻ്റെ മൂല്യം സംബന്ധിച്ച വി എസിൻ്റെ പരാമർശം ശ്രദ്ധേയമാകുന്നത്. മലമ്പുഴ എം.എൽ.എയായ വി.എസ് അച്യുതാനന്ദൻ ഒന്നര വർഷത്തിലേറെയായി സജീവ രാഷ്ട്രീയത്തിലില്ല.
 
            


























 
				
















