ഗര്‍ഭിണിയായ പൂച്ച വാഹനമിടിച്ച് ചത്തു; അമ്മയ്‌ക്കൊപ്പം മരിക്കേണ്ടിയിരുന്ന 4 കുഞ്ഞുങ്ങളെ ജീവനോടെ പുറത്തെടുത്ത് യുവാവ് ഹരിദാസ്

കൊടുങ്ങല്ലൂര്‍: കഴിഞ്ഞ ദിവസം ദേശീയപാതയില്‍ വാഹനമിടിച്ച് ചത്ത ഗര്‍ഭിണിയായ ആ അമ്മ പൂച്ചയോടൊപ്പം നാലു കുഞ്ഞുങ്ങളും മരിക്കേണ്ടതായിരുന്നു. എന്നാല്‍ ആ കുഞ്ഞുങ്ങളുടെ വിധി മറ്റൊന്നായിരുന്നു. പൂച്ചയുടെ വയറ്റില്‍ നിന്നും നാല് ജീവനുകളെ ഹരിദാസ് എന്ന യുവാവ് പുറത്തെടുത്തു. മതിലകം തൃപ്പേക്കുളം സ്വദേശിയാണ് ഹരിദാസ്.  ചത്ത പൂച്ചയെ സിസേറിയന്‍ നടത്തിയാണ്  കുഞ്ഞുങ്ങളെ പുറത്തെത്തെത്തിച്ചത്. കുഞ്ഞുങ്ങള്‍ ഇപ്പോള്‍ ഹരിദാസിന്റെ വീട്ടില്‍ സുരക്ഷിതമായി കഴിയുന്നുണ്ട്.

കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം അഞ്ചാം പരത്തിയില്‍ കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. പാമ്പ് പിടുത്തക്കാരനായ ഹരിദാസ് കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് നിന്നും പാമ്പിനെ പിടികൂടി തിരികെ ബൈക്കില്‍ വരുന്നതിനിടയിലാണ് വാഹനമിടിച്ച് നടുറോഡില്‍ പൂച്ച ചത്തു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

ഇനിയും വാഹനങ്ങല്‍ കയറി ഇറങ്ങാതിരിക്കാന്‍ പൂച്ചയെ റോഡരികിലേക്ക് മാറ്റി കിടത്താമെന്നു കരുതിയാണ് ബൈക്കില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍ പൂച്ചയെ എടുത്തപ്പോഴാണ് ഗര്‍ഭിണിയാണോയെന്നു സംശയം തോന്നി. ഉടന്‍ തന്നെ തൊട്ടടുത്ത കടയില്‍ നിന്നും  ബ്ലേഡ് വാങ്ങി പൂച്ചയുടെ വയര്‍ കീറി. കുഞ്ഞുങ്ങളെ ഹരിദാസ് സുരക്ഷിതമായി പുറത്തെടുത്തു. കണ്ട് നിന്നവര്‍ പകര്‍ത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറലാണ്.

പൂച്ച കുഞ്ഞുങ്ങളെ ഹരിദാസ് വീട്ടിലേക്ക് കൊണ്ടുവന്നു. അര മണിക്കൂര്‍ ഇടവിട്ട് ലാക്ടോജന്‍ കലക്കി സിറിഞ്ചില്‍ നിറച്ച് നല്‍കുന്നുണ്ട്. സ്‌പോഞ്ച് നിറച്ച കാര്‍ഡ് ബോര്‍ഡ് പെട്ടിയിലാണ് പൂച്ചക്കുഞ്ഞുങ്ങള്‍ക്ക് കൂടൊരുക്കിയിരിക്കുന്നത്. ഇരുപത് വര്‍ഷത്തോളമായി പാമ്പ് പിടുത്തത്തില്‍ സജീവമായി രംഗത്തുള്ളയാളാണ് ഹരിദാസ്.