യൂത്ത് ലീഗ് ഫണ്ട് പിരിവ് വിവാദം വഴിത്തിരിവിൽ; കത്വാ കേസ് നടത്തിപ്പിന് പണം വാങ്ങിയിട്ടില്ലെന്ന് സുപ്രീം കോടതി അഭിഭാഷക ദീപിക സിംഗ് രജാവത്

കോഴിക്കോട്: കത്വ കേസ് ഫണ്ട് പിരിവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊടുമ്പിരി കൊള്ളുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം കേസ് നടത്തിപ്പിനായി മുസ്ലിം യൂത്ത് ലീഗ് ചുമതലപ്പെടുത്തിയതായി പറയപ്പെടുന്ന അഡ്വ: മുബീൻ ഫാറൂഖിയെ കേരളത്തിലെത്തിച്ച് വാർത്താ സമ്മേളനം നടത്തിച്ചത്. തങ്ങൾ പിരിച്ച പണം സുതാര്യമായിട്ടാണ് കൈകാര്യം ചെയ്തതെന്നും, അഭിഭാഷകന് ഒൻപത് ലക്ഷത്തിൽപ്പരം രൂപ കേസ് നടത്തിപ്പിനായി കൈമാറിയെന്ന് തെളിയിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് മുബീൻ ഫാറൂഖിയെ തന്നെ അവർ നേരിട്ട് മാധ്യമങ്ങളുടെ മുൻപിൽ എത്തിച്ചത്.

കത്വ കേസിലെ ഇരയുടെ നീതി ഉറപ്പാക്കാൻ ആദ്യഘട്ട പോരാട്ടത്തിനു നേതൃത്വം നൽകിയത് അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തക കൂടിയായ അഡ്വ. ദീപിക സിംഗ് രാജാവത്തിൻ്റെ ഓഡിയോ സംഭാക്ഷണമാണ് വിവാദത്തിന് പുതിയ വഴിത്തിരിവ് സൃഷ്ടിച്ചിരിക്കുന്നത്.

ഓഡിയോ സംഭാഷണത്തിൽ അഡ്വ. ദീപിക പറയുന്നത് ഇങ്ങനെ:

“വിചാരണ നടത്തിയത് പബ്ലിക് പ്രോസിക്യൂട്ടർ ആണ്. എല്ലാവർക്കും അറിയാവുന്നതുപോലെ പബ്ലിക് പ്രോസിക്യൂട്ടർക്കു പണം നൽകേണ്ട കാര്യമില്ല. മുബീൻ ഫാറൂഖിയെന്നു പേരുള്ള ഒരാൾ യഥാർത്ഥത്തിൽ വിചാരണ നടപടികളിൽ ഒരു ഘട്ടത്തിലും പങ്കെടുത്തിട്ടില്ല. പക്ഷെ ഇങ്ങിനെ ഒരു വക്കീൽ എല്ലാവരോടും പറയുന്നത് അദ്ദേഹം വിചാരണയിൽ പങ്കെടുത്തു എന്നാണ്. വിചാരണ പൂർണ്ണമായും നടത്തിയത് പബ്ലിക് പ്രോസിക്യൂട്ടർ ആണ്. ഞാൻ വളരെ വ്യക്തമായും ശക്തമായും പറയുന്നു; ഒരു സ്വകാര്യ അഭിഭാഷകനും വിചാരണ നടപടികളിൽ ഭാഗഭാക്കായിട്ടില്ല. എനിക്കറിയാം എങ്ങിനെയാണ് വിചാരണ നടന്നതെന്ന്. ഒരു സ്വകാര്യ അഭിഭാഷകനും വാദങ്ങളിലോ സാക്ഷി വിസ്താരത്തിലോ മറ്റേതെങ്കിലും നടപടികളിലോ രക്ഷിതാക്കളെ പ്രതിനിധീകരിച്ചു പങ്കെടുത്തിട്ടില്ല. ഇതെല്ലാം കോടതി രേഖകളുടെ ഭാഗമാണ്. നിങ്ങൾക്ക് ആർക്ക് വേണമെങ്കിലും പരിശോധിക്കാവുന്നതാണ്. പഠാൻകോട്ട് കോടതിയിൽ നിയമയുദ്ധം നടത്തിയത് പബ്ലിക് പ്രോസിക്യൂട്ടർമാർ മാത്രമായിരുന്നു” എന്നാണ് അഭിഭാഷക ദീപിക സിംഗ് രജാവത്ത് ഫോൺ സംഭാഷണത്തിൽ വ്യക്തമാക്കുന്നത്.