പാലാ സീറ്റ് സംബന്ധിച്ച് സിപിഎം മുന്നണിമര്യാദ കാട്ടിയില്ലെന്ന് തുറന്നടിച്ച് മാണി സി.കാപ്പന്. അന്തിമതീരുമാനം വെള്ളിയാഴ്ച ദേശീയനേതൃത്വം പ്രഖ്യാപിക്കും. ജയിച്ച സീറ്റ് തോറ്റ പാര്‍ട്ടിക്ക് കൊടുക്കാന്‍ പറയുന്നത് അംഗീകരിക്കാനാവില്ല. ഇടതുമുന്നണിക്ക് ഉണര്‍വ് കിട്ടിയത് പാലാ ജയത്തോടെയാണ്. ഇത് പാലായുടെ പ്രശ്നമല്ല. ദേശീയ നേതൃത്വം എടുക്കുന്ന തീരുമാനം തനിക്ക് അനുകൂലമായിരിക്കുമെന്ന് ഉത്തമബോധ്യമുണ്ട്. തന്റെ തീരുമാനം മാധ്യമങ്ങള്‍ക്ക് ഊഹിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
‘കേവലം പാലാ സീറ്റ് മാത്രം സംബന്ധിച്ച വിഷയമല്ല, വിശ്വാസ്യതയുടെ വിഷയമാണിത്. പാലാ വിജയത്തിന് ശേഷമാണ് ഇടതുമുന്നണിക്ക് ഉണര്‍വുണ്ടായത്. പിണറായിയോടും ഇടതുപക്ഷത്തോടും സ്നേഹം മാത്രമേയുള്ളു. പാലായില്‍ ഒരുപാട് വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരാന്‍ മുഖ്യമന്ത്രി നേരിട്ട് സഹായിച്ചു. അതിനെയെല്ലാം നന്ദി പൂര്‍വ്വം സ്മരിക്കുന്നു. എന്നാല്‍ ഒരുപാര്‍ട്ടി പിടിച്ചെടുത്ത സീറ്റ് തോറ്റ പാര്‍ട്ടിക്ക് നല്‍കണമെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാകില്ല’ കാപ്പന് പറഞ്ഞു.
യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകള്‍ സംബന്ധിച്ച് തനിക്കൊന്നും അറിയില്ല, ഇക്കാര്യത്തില്‍ യാതൊരു ചര്‍ച്ചകളും നടന്നിട്ടില്ല. ഇന്ന് ശരത് പവാര്‍ പറഞ്ഞ സമയത്ത് എത്താന്‍ സാധിക്കാത്തതിനാല്‍ ചര്‍ച്ച നടന്നില്ല. വ്യാഴാഴ്ച വീണ്ടും ചര്‍ച്ച നടക്കുമെന്നും മാണി സി കാപ്പന് അറിയിച്ചു.