നിയമനത്തില്‍ രാഷ്ട്രീയമില്ല; യുവാക്കളെ വ്യാമോഹിപ്പിച്ച് ചിലര്‍ തെരുവിലിറക്കുന്നെന്ന് മുഖ്യമന്ത്രി

    തിരുവനന്തപുരം: പിഎസ്സി വഴിയുള്ള നിയമനങ്ങള്‍ സുതാര്യമായി നടത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് നിലവിലുള്ള രീതി അനുസരിച്ച് സാധാരണ വരുന്ന ഒഴിവിന്റെ അഞ്ചിരട്ടി കണക്കാക്കിയാണ് പിഎസ് സി ലിസ്റ്റ് തയ്യാറാക്കുന്നത്. ഇതു വഴി ലിസ്റ്റിലുള്ള എണ്‍പത് ശതമാനം പേര്‍ക്കും നിയമനം കിട്ടാത്ത സാഹചര്യം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

    ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുക എന്ന് മാത്രമാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന് ചെയ്യാനുള്ളത്. പിഎസ് സിക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്നുണ്ടോ എന്ന് പരിശോധിക്കാന്‍  ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും അടങ്ങുന്ന സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലുള്ള തടസ്സങ്ങള്‍ ഒഴിവാക്കുന്നതിന് നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. സീനിയോറിറ്റി തര്‍ക്കം കോടതി മുമ്പാകെ നിലനില്‍ക്കുകയും കോടതി റഗുലര്‍ പ്രൊമോഷന്‍ സ്റ്റേ ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് നല്‍കിയതുമായ കേസുകളില്‍ മാത്രം താല്‍ക്കാലിക പ്രൊമോഷന്‍ നടത്തി അതിന്റെ ഫലമായി വരുന്ന ഒഴിവുകള്‍ പിഎസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പധ്യക്ഷന്‍മാര്‍ക്ക് നിര്‍ദേശം നല്‍കും.

    പ്രൊമോഷന് അര്‍ഹതയുള്ള ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ പ്രൊമോഷന്‍ നടക്കാത്ത സാഹചര്യം ചില വകുപ്പുകളിലുണ്ട്. ഇത്തരം പ്രൊമോഷന്‍ തസ്തികകള്‍ പി.എസ്.സി. ലിസ്റ്റ് നിലവിലുള്ള കേഡറിലേക്ക് താല്‍ക്കാലികമായി തരംതാഴ്ത്തി ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പധ്യക്ഷന്‍മാര്‍ക്ക് നിര്‍ദേശം നല്‍കും. അര്‍ഹതയുള്ള ഉദ്യോഗസ്ഥര്‍ ലഭ്യമാകുന്ന മുറയ്ക്ക് താല്‍ക്കാലികമായി ഡീ-കേഡര്‍ ചെയ്ത നടപടി ഭേദഗതി ചെയ്യും.

    ഈ നടപടികള്‍ പത്തു ദിവസത്തിനകം മുന്‍ഗണനാക്രമത്തില്‍ നടപ്പാക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ ചീഫ് സെക്രട്ടറിയെയും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരെയും ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു.

    താല്‍കാലിക നിയമനം നടത്തുന്നത് വഴി പിഎസ് സി ലിസ്റ്റിലുള്ളവരുടെ അവസരം ഇല്ലാതാകുമെന്ന പ്രചാരണം ശരിയല്ല. പത്ത് വര്‍ഷത്തോളമായി താല്‍കാലിക തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് നിയമന അംഗീകാരം നല്‍കുന്നത്. പത്ത് വര്‍ഷം എന്ന് പറയുമ്പോള്‍ തന്നെ ഇക്കാര്യത്തില്‍ രാഷ്ട്രീയ പരിഗണന ഇല്ലെന്ന് അറിയാമല്ലോ എന്നും മുഖ്യമന്ത്രി പറഞ്ഞു 20 വര്‍ഷമായി താല്‍കാലിക ജോലി ചെയ്യുന്നവര്‍ പോലും പട്ടികയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.