സിപിഐ വിട്ട നേതാവ് കുട്ടനാട് എന്‍ഡിഎ സ്ഥാനാര്‍ഥി;

ആലപ്പുഴയില്‍ ഇടതുപക്ഷത്തെ ഞെട്ടിച്ച് സിപിഐ നേതാവ് എന്‍ഡിഎ സ്ഥാനാര്‍ഥിയായി. ഇന്നലെ സിപിഐയില്‍ നിന്ന് രാജിവച്ച ജില്ലാ കൗണ്‍സില്‍ അംഗം തമ്പി മേട്ടുതറയാണ് കുട്ടനാട്ടിലെ ബിഡിജെഎസ് സ്ഥാനാര്‍ഥി. ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് കൂടിയാണ് തമ്പി. 2016 ലും ഹരിപ്പാട് സിപിഐ സീറ്റിനായി തമ്പ മേട്ടുതറ ശ്രമിച്ചിരുന്നു. ഇത്തവണയും സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് ജില്ലാ കൗണ്‍സില്‍ അംഗത്വവും പാര്‍ട്ടി പ്രാഥമിക അംഗത്വവും രാജിവച്ചത്.

കുട്ടനാട്ടില്‍ തമ്പി മേട്ടുതറയെ സ്ഥാനാര്‍ഥിയാക്കി പ്രഖ്യാപിച്ചുകൊണ്ടുള്ള തുഷാര്‍ വെള്ളാപ്പള്ളിയുടെ വാര്‍ത്താക്കുറിപ്പും പുറത്തുവന്നു. ആലപ്പുഴ ജില്ലയില്‍ ഇടതുപക്ഷത്ത് നിന്ന് വിട്ടുനിന്ന മൂന്നു പേരെയാണ് എന്‍ഡിഎ സ്ഥാനാര്‍ഥികളാ ക്കിയത്. മാവേലിക്കരയില്‍ സിപിഎം വിട്ടുവന്ന സഞ്ജുവിനെ ബിജെപി സ്ഥാനാര്‍ഥിയാക്കി. ചേര്‍ത്തലയില്‍ സിപിഎം നേതാവും തണ്ണീര്‍മുക്കം പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റുമായ പി.എസ് ജ്യോതിസിനെ ബിഡിജെഎസും സ്ഥാനാര്‍ഥിയാക്കി.