പിണറായി വിജയനെതിരെ ധര്‍മടത്ത് മത്സരിക്കാന്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

തൃശൂര്‍: വാളയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരേ മത്സരിക്കും. സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് മത്സരിക്കുക. തൃശൂര്‍ പ്രസ്‌ക്ലബിലായിരുന്നു പ്രഖ്യാപനം. സംഘപരിവാര്‍ സംഘടനകളുടെ പിന്തുണ വേണ്ടെന്ന് അവര്‍ വ്യക്തമാക്കി. വാളയാര്‍ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന പോരാട്ടത്തിന്റെ ഭാഗമാണ് മുഖ്യമന്ത്രിക്കെതിരായ മത്സരം. ആഴ്ചകള്‍ക്കു മുന്‍പ് മക്കള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് അമ്മ തല മുണ്ഡനം ചെയ്തിരുന്നു.

”എന്റെ മക്കള്‍ക്ക് നീതി ലഭിക്കുന്നതിനാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതെന്ന് പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. എന്നെ ഈ തെരുവിലിറക്കിയ ഡി വൈ എസ് പി സോജന്‍ എന്നേക്കാളും താഴേത്തട്ടില്‍ ഒരു ദിവസമെങ്കിലും തലയില്‍ തൊപ്പിയില്ലാതെ നില്‍ക്കുന്നത് എനിക്ക് കാണണം. സോജനെപ്പോലെ ഒരുപാട് പൊലീസുകാര്‍ ഞങ്ങളെപ്പോലുള്ള പാവങ്ങളുടെ മക്കളുടെ കേസ് സത്യസന്ധമായി അന്വേഷിക്കാതിരുന്നിട്ടുണ്ട്. എനിക്ക് വാശിയോടുകൂടി മല്‍സരിക്കണമെന്ന് തോന്നിയതിന് പിന്നിലെ ഒറ്റക്കാരണം ഇതാണ്. ഞങ്ങള്‍ക്കു സംഭവിച്ചതുപോലെ ഒട്ടേറെക്കുടുംബങ്ങള്‍ക്കും സംഭവിച്ചിട്ടുണ്ട്. പക്ഷേ അവരാരും പുറത്തുപറയാന്‍ കൂട്ടാക്കാതെ വീടിനുള്ളിലിരുന്ന് കരയുകയാണ്. എല്ലാ മക്കള്‍ക്കും ഈ കുടുംബങ്ങള്‍ക്കും വേണ്ടിയാണ് ഈ തീരുമാനമെടുത്തത്. നഷ്ടപ്പെട്ട കുട്ടികള്‍ക്കും അവരുടെ അമ്മമാര്‍ക്കും വേണ്ടിയാണ് നീക്കം”- അവര്‍ വ്യക്തമാക്കി.