‘സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണൻ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടു’: സ്വപ്നയുടെ മൊഴി

കൊച്ചി: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ കൂടുതല്‍ കുരുക്കിലാക്കി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴിപ്പകര്‍പ്പു പുറത്ത്. സ്പീക്കര്‍ക്ക് ഒമാനിലെ മിഡില്‍ ഈസ്റ്റ് കോളജില്‍ നിക്ഷേപമുണ്ടെന്നും ഷാര്‍ജയില്‍ ഇതേ കോളജിന്റെ ശാഖ തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നതായും വെളിപ്പെടുത്തുന്ന മൊഴിയാണ് പുറത്തു വന്നത്. അന്വേഷണ സംഘത്തിനെതിരെ ക്രൈംബ്രാഞ്ച് എടുത്തിട്ടുള്ള കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ച മൊഴിയുടെ പകര്‍പ്പാണ് പുറത്തു വന്നിരിക്കുന്നത്.

സ്വപ്ന സുരേഷിന്റെ വാട്‌സാപ് ചാറ്റുകളെ കേന്ദ്രീകരിച്ചു നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വപ്ന, പി. സ്പീക്കര്‍ക്കര്‍ക്ക് എതിരായുള്ള വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. ലഫീര്‍ എന്ന വ്യക്തിയെ പരാമര്‍ശിച്ച് ഒരു വാട്‌സാപ് ചാറ്റ് സ്വപ്ന മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന് അയച്ചിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുമ്പോഴാണ് സ്പീക്കറുടെ പേര് സ്വപ്ന വെളിപ്പെടുത്തുന്നത്.

‘ലഫീര്‍, കിരണ്‍ എന്നിവരെ താന്‍ എം.ശിവശങ്കറിനും പി.ശ്രീരാമകൃഷ്ണനും പരിചയപ്പെടുത്തിയിരുന്നു. ശ്രീരാമകൃഷ്ണന് മിഡില്‍ ഈസ്റ്റ് കോളജിന്റെ ശാഖ ഷാര്‍ജയില്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ടായിരുന്നു. കോളജിന് കെട്ടിട നിര്‍മാണത്തിനായി ഷാര്‍ജ ഭരണാധികാരിയോട് അദ്ദേഹം സൗജന്യമായി ഭൂമി അനുവദിക്കാന്‍ അപേക്ഷിച്ചിരുന്നു. ഷാര്‍ജയിലെ ബിസിനസ് നോക്കി നടത്തുന്നതിനായി ശിവശങ്കറും സ്പീക്കറും ഷഫീറും കിരണും തന്നോട് ഷാര്‍ജയിലേക്ക് താമസം മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു’ എന്നാണ് മൊഴിയില്‍ സ്വപ്ന വെളിപ്പെടുത്തിയിരിക്കുന്നത്. 2018 ഏപ്രിലില്‍ ഒമാന്‍ സന്ദര്‍ശിച്ചപ്പോള്‍ ഖാലിദ് എന്നയാള്‍ തന്നെ സന്ദര്‍ശിച്ചിരുന്നതായും സ്വപ്ന വ്യക്തമാക്കുന്നുണ്ട്.