കേസ് നടത്താമെന്നേറ്റ അഭിഭാഷകന്‍ കബളിപ്പിച്ചതായി പരാതി

ആലപ്പുഴ: സാമ്പത്തിക ഇടപാടു സംബന്ധിച്ച കേസില്‍ വക്കാലത്തെടുത്ത ശേഷം അഭിഭാഷകന്‍ കബളിപ്പിച്ചതായി പ്രവാസി മലയാളിയുടെ പരാതി.

മാവേലിക്കര വള്ളികുന്നം കണ്ണംകോമത്ത് വീട്ടില്‍ പ്രസന്നനാണ് അഭിഭാഷകനായ എന്‍ റൂബിരാജിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. പ്രസന്നന്റെ പരാതിയില്‍ പറയുന്നതിങ്ങനെ: 18 വര്‍ഷമായി ഗള്‍ഫില്‍ ജോലി നോക്കിയിരുന്ന താന്‍ തന്റെ സുഹൃത്തിനും സുഹൃത്തിന്റെ ഭാര്യയ്ക്കും ബന്ധുവിനും 12 ലക്ഷം രൂപ വീതം കടംനല്‍കിയിരുന്നു. ഈടായി പ്രോമിസറി നോട്ടും ചെക്കും ഇവര്‍ നല്‍കിയിരുന്നു. പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് കോടതി മുഖേന പണം തിരികെ വാങ്ങാന്‍ തീരുമാനിക്കുകയും ഇതിനായി സുഹൃത്തിന്റെ നിര്‍ദേശപ്രകാരം അഡ്വ. റൂബി രാജിനെ സമീപിക്കുകയുമായിരുന്നു.

2011 നവംബര്‍ 27ന് കേസ് സംബന്ധമായുള്ള രേഖകള്‍ ഏല്‍പ്പിക്കുകയും വക്കീല്‍ നോട്ടീസ് അയപ്പിക്കുന്നതിനായി തന്റെ കൈയില്‍ നിന്നും 20,000 രൂപ അഭിഭാഷകന്‍ വാങ്ങുകയും ചെയ്തു. 2012 ജനുവരി 18നു ഓഫീസിലെത്തണമെന്ന് അഭിഭാഷകന്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ ഓഫീസിലെത്തിയ തന്നോട് കേസിന്റെ ആവശ്യത്തിനായി 1,14,500 രൂപയും ഡോക്കുമെന്റേഷന്‍ ചാര്‍ജും വേണമെന്ന് ആവശ്യപ്പെട്ടു. ഈ തുക കോടതിയില്‍ അടച്ചെങ്കിലേ കേസ് ഫയലില്‍ സ്വീകരിക്കുവെന്നാണ് പറഞ്ഞിരുന്നത്.

കോടതിയില്‍ ബോധിപ്പിക്കാനുള്ള വക്കാലത്തെന്നുപറഞ്ഞ് വായിച്ച് കേള്‍പ്പിക്കുകയും ഒപ്പിടീപ്പിക്കുകയും ചെയ്യുകയും ചെയ്തു. പണം താന്‍ അന്നുതന്നെ വക്കീലിനു നല്‍കി. തുടര്‍ന്ന് കേസ് കോടതിയില്‍ സമര്‍പ്പിച്ചെന്നും എതിര്‍കക്ഷിയുടെ വസ്തുവകകള്‍ ജപ്തിചെയ്യാന്‍ വിധിയായെന്നും തന്നെ വിശ്വസിപ്പിച്ചു. പ്രോമിസറി നോട്ട് സംബന്ധിച്ച് സിവില്‍ കേസാണ് നല്‍കിയിരുന്നത്. പണത്തിനു ഈടുനല്‍കിയ ചെക്ക് സംബന്ധിച്ചു ക്രിമിനല്‍ കേസാണ് ഫയല്‍ ചെയ്തത്. ഇതിനായി 1,40,000 രൂപയും അഭിഭാഷകന്‍ വാങ്ങി. ഇതിനിടയില്‍ അഭിഭാഷകന്‍ വിളിക്കുമ്പോഴൊക്കെ ഓഫിസില്‍ പോകുകയും ആവശ്യപ്പെട്ട പണവും മറ്റ് പാരിതോഷികങ്ങളും നല്‍കുകയും ചെയ്തിരുന്നു.

ഇതിനിടയില്‍ ചെക്ക് കേസ് സംബന്ധിച്ചു തന്നെ സാക്ഷിയായി വിസ്തരിക്കുകയും ചെയ്തിരുന്നു. പിന്നീട് കേസ് കോടതി തള്ളിയെങ്കിലും ഈ വിവരം അഭിഭാഷകന്‍ തന്നെ അറിയിച്ചിരുന്നില്ല. പിന്നീട് കൊല്ലം കോടതിയില്‍ കേസ് നല്‍കാനാണെന്നു പറഞ്ഞ് കോടതിയില്‍ നിന്നും കേസ് ഫയല്‍ വാങ്ങുകയും കൊല്ലം കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു.

പിന്നീട് അഭിഭാഷകന്‍ എതിര്‍കക്ഷികള്‍ വിദേശത്തായതിനാല്‍ തനിക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്നും അതിനാല്‍ കേസ് മറ്റാരെയെങ്കിലും ഏല്‍പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കേസ് ഫയലിന്റെ പുറകില്‍ ഡിസ്മിസ്ഡ് എന്ന് എഴുതിയിരുന്നതുകണ്ട് സംശയം തോന്നിയ താന്‍ കോടതിയില്‍ അന്വേഷിച്ചപ്പോള്‍ കോര്‍ട്ട് ഫീസ് അടയ്ക്കാതിരുന്നതിനാല്‍ കേസ് തള്ളിപ്പോയെന്നും വീണ്ടും കേസ് പരിഗണിക്കുന്നതിന് അപേക്ഷ നല്‍കിയെങ്കിലും അതും തള്ളിപ്പോയതായി മനസിലാക്കാന്‍ കഴിഞ്ഞു.

കേസ് കോടതിയില്‍ സമര്‍പ്പിക്കുന്നതിനായി ഫീസ് അടയ്ക്കുന്നതിന് തന്റെ കൈയ്യില്‍ നിന്ന് പലതവണയായി വാങ്ങിയതുള്‍പ്പെടെ മൂന്നുലക്ഷത്തിലധികം രൂപ അഭിഭാഷകന്‍ കബളിപ്പിച്ചതായാണ് പ്രസന്നന്‍ പറയുന്നത്. അഭിഭാഷകന്റെ പ്രവര്‍ത്തിക്കെതിരെ ബാര്‍ കൗണ്‍സിലിലടക്കം താന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ അനുമതിയോ അനുവാദമോ കൂടാതെ ഒപ്പ് ഉള്‍പ്പെടെയുള്ളവ വ്യാജമായി ചമച്ച് അഭിഭാഷകന്‍ നടത്തിയ പ്രവൃത്തികള്‍ മൂലം തനിക്കു 40 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായും മാവേലിക്കര പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പ്രസന്നന്‍ പറയുന്നു.