അര്‍ത്തുങ്കല്‍ തിരുനാളിനു പത്തിനു കൊടിയേറും

ചേര്‍ത്തല: അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസലിക്കയിലെ തിരുനാളിനു പത്തിനു കൊടിയേറും. പുനര്‍നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ ദേവാലയത്തിന്റെ ആശീര്‍വാദം എട്ടിനു നടക്കും. ദേവാലയം ആശീര്‍വദിച്ചതിന്റെ ജൂബിലി വര്‍ഷത്തിലാണു പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നു റെക്ടര്‍ ഫാ. ക്രിസ്റ്റഫര്‍ എം. അര്‍ഥശേരില്‍, സഹവികാരിമാരായ ഫാ. സെബാസ്റ്റ്യന്‍ ജൂഡോ മൂപ്പശേരി, ഫാ.ബെന്‍സി സെബാസ്റ്റ്യന്‍ കണ്ടനാട്, ട്രസ്റ്റിമാരായ കെ.ജി. നെല്‍സണ്‍, ബെന്നി ജോയി, സെബാസ്റ്റ്യന്‍ കുടിയാശേരില്‍, സുനില്‍ ബനിയാച്ചന്‍ എന്നിവര്‍ പറഞ്ഞു.

എട്ടിന് ഉച്ചകഴിഞ്ഞു 3.30ന് മദ്ബഹയുടെയും ബലിപീഠത്തിന്റെയും പ്രതിഷ്ഠ. തുടര്‍ന്ന് ആഘോഷമായ പൊന്തിഫിക്കല്‍ സമൂഹബലി- ബിഷപ് ഡോ.സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍. 6.30ന് ചേരുന്ന ജൂബിലിസമ്മേളനം ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനംചെയ്യും. ഡോ.സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ അധ്യക്ഷവഹിക്കും. സാമൂഹ്യനീതി സെക്രട്ടറി മിനി ആന്റണി മുഖ്യപ്രഭാഷണം നടത്തും. ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ ജൂബിലിവര്‍ഷ സംഗീത ആല്‍ബം പ്രകാശനംചെയ്യും.

ഒമ്പതിനു വൈകുന്നേരം അഞ്ചിനു പുതിയതായി നിര്‍മിച്ച കൊടിമരത്തിന്റെ ആശീര്‍വാദം, ദിവ്യബലി-റവ.ഡോ.ജെയിംസ് ആനാപറമ്പില്‍. പത്തിന് ഉച്ചകഴിഞ്ഞു രണ്ടിനു പാലായില്‍നിന്നുള്ള പതാകപ്രയാണം ആലപ്പുഴ മൗണ്ട് കാര്‍മല്‍ കത്തീഡ്രലില്‍ എത്തിച്ചേരും. മൂന്നിന് അര്‍ത്തുങ്കലിലേക്കു പ്രയാണം. ഏഴിനു ബിഷപ് ഡോ.സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ തിരുനാള്‍ കൊടിയേറ്റും. 11ന് രാവിലെ അഞ്ചിനും വൈകുന്നേരം അഞ്ചിനും ദിവ്യബലി. 12ന് രാവിലെ 10.30ന് വിശുദ്ധ കുര്‍ബാന. വൈകുന്നേരം ആറിന ദിവ്യബലി. 13ന് വൈകുന്നേരം ആറിനു വിശുദ്ധ കുര്‍ബാന. 14ന് വൈകുന്നേരം അഞ്ചിന് ജപമാല, നൊവേന, ലിറ്റനി, തുടര്‍ന്ന് ദിവ്യബലി.