മുംബൈ: ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ അറസ്റ്റിലായ ആര്യന് ഖാനോടൊപ്പം നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ ഓഫീസില്‍ നിന്ന് സെല്‍ഫിയെടുത്ത കിരണ്‍ ഗോസാവിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്. മഹാരാഷ്ട്ര പൊലീസാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെയാണ് ഫോട്ടോ വൈറലായത്. ആര്യനൊപ്പം സെല്‍ഫി എടുത്ത എന്‍സിബി അംഗം എന്ന പേരിലായിരുന്നു ഫോട്ടോ പ്രചരിച്ചത്.
എന്നാല്‍, ഗോസാവി എന്‍സിബി ഉദ്യോഗസ്ഥനല്ലെന്ന് ഏജന്‍സി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഗോസാവി എങ്ങനെ എന്‍സിബി ഓഫീസിലെത്തിയത് എന്നത് സംബന്ധിച്ചാണ് വിവാദം ഉയര്‍ന്നത്.
സെല്‍ഫി വൈറലാവുകയും വിവാദമാകുകയും ചെയ്തതിന് പിന്നാലെയാണ് സിറ്റി പൊലീസ് കിരണ്‍ ഗോസാവിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കിരണ്‍ ഗോസാവി രാജ്യം വിടാതിരിക്കാന്‍ എല്ലാ വിമാനത്താവളങ്ങളിലും ലുക്കൗട്ട് നോട്ടീസ് എത്തിച്ചു.
2018ല്‍ തൊഴില്‍ തട്ടിപ്പ് കേസില്‍ ഫരസ്ഖാന പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്നും ഇയാള്‍ മുങ്ങി നടക്കുകയായിരുന്നെന്നും പുണെ എസ്പി അമിതാഭ് ഗുപ്ത പറഞ്ഞു.