ന്യൂഡല്‍ഹി: കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ബ്രിഗേഡിയര്‍ എന്‍.എസ്. ലിഡ്ഡറുടെ സംസ്‌ക്കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു. ഡല്‍ഹി ബ്രാര്‍ സ്‌ക്വയറില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ നിരവധിപ്പേരെത്തി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും മൂന്ന് സേനാമേധാവികളും ഉന്നത സൈനിക ഉദ്യോഗസ്ഥരും ആദരാഞ്ജലി അര്‍പ്പിച്ചു.
കരസേനയിലെ തിളങ്ങുന്ന താരമായിരുന്നു ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡര്‍. പാര്‍ലമെന്റിലെ മിലിട്ടറി കാര്യ വകുപ്പില്‍ സംയുക്ത സേനാ മേധാവിയുടെ ഡിഫന്‍സ് അസിസ്റ്റന്റ് എന്ന നിര്‍ണായകമായ പദവി കൈയാളി വന്നത് ഹരിയാനയിലെ പഞ്ച്കുല സ്വദേശിയായ ലിഡ്ഡറായിരുന്നു. ഏതാനും ദിവസം മുന്‍പ് മേജര്‍ ജനറല്‍ റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു.
പുതിയ റാങ്കില്‍ സേനാ ഡിവിഷന്റെ ചുമതല ഏറ്റെടുക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ഹെലികോപ്റ്റര്‍ അപകടത്തിന്റെ രൂപത്തില്‍ വിധി അദ്ദേഹത്തിന്റെ ജീവന്‍ അപഹരിച്ചത്. റാവത്തിന്റെ സ്റ്റാഫംഗം എന്ന നിലയിലുള്ള അവസാന ചടങ്ങുകളില്‍ ഒന്നായിരുന്നു വെല്ലിങ്ടണിലേത്. ലിഡ്ഡറുടെ മകള്‍ ആഷ്‌ന രചിച്ച ‘ഇന്‍ സെര്‍ച്ച് ഓഫ് എ ടൈറ്റില്‍’ എന്ന പുസ്തകം കഴിഞ്ഞ 28 ന് ജനറല്‍ ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്താണ് പുറത്തിറക്കിയത്.