തിരുവനന്തപുരം: വികസന പദ്ധതികളിലെ പ്രതിപക്ഷ എതിര്‍പ്പുകള്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. വികസനകാര്യങ്ങളില്‍ അനാവശ്യമായ എതിര്‍പ്പുകള്‍ വരുമ്പോള്‍ അതിനു വഴങ്ങിക്കൊടുക്കാനാണോ സര്‍ക്കാരിനെ ജനങ്ങള്‍ തിരഞ്ഞെടുത്തതെന്നു മുഖ്യമന്ത്രി ആരാഞ്ഞു.
നാടിനാവശ്യമായ കാര്യങ്ങള്‍ക്ക് എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നാല്‍ അതിന്റെ കൂടെ നില്ക്കാന് സര്‍ക്കാരിനാവില്ല. ദേശീയപാത 45 മീറ്ററായി വികസിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണു മുഖ്യമന്ത്രിയുടെ പ്രതികരണം.
കഴിഞ്ഞ ദിവസം കെ-റെയില്‍ പദ്ധതിയില്‍ നിന്നു പിന്മാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ‘നാടിന്റെ വികസനത്തിനെതിരെ പ്രതിപക്ഷം നില്‍ക്കുകയാണ്. ഇപ്പോള്‍ വേണ്ട എന്ന് അവര്‍ പറയുന്നു. ഇപ്പോള്‍ ഇല്ല എങ്കില്‍ പിന്നെ എപ്പോള്‍ എന്നതാണു ചോദ്യം. ഗെയിലും ദേശീയപാതയും നടപ്പാക്കിയില്ലേ? ഒരു നാടിനെ ഇന്നില്‍ തളച്ചിടാന്‍ നോക്കരുതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
 
            


























 
				
















