ശമ്പളക്കരാറില്‍ ഈ മാസം ഒപ്പിട്ടില്ലെങ്കില്‍ അനിശ്ചിത കാല പണിമുടക്ക് നടത്തുമെന്ന് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകള്‍

ശമ്പളക്കരാറില്‍ ഈ മാസം ഒപ്പിട്ടില്ലെങ്കില്‍ അനിശ്ചിത കാല പണിമുടക്ക് നടത്തുമെന്ന് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകള്‍. ജനുവരിയില്‍ നടക്കുന്ന മന്ത്രിതല ചര്‍ച്ച ബഹിഷ്‌കരിക്കുമെന്നും തൊഴിലാളികള്‍ മുന്നറിയിപ്പ് നല്‍കി. കരാര്‍ ഒപ്പിടുന്നതിന് മുമ്പ് തുടര്‍ ചര്‍ച്ചകള്‍ വേണമെന്ന് കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി സിഎംഡി വിളിച്ച ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനായി ജനുവരി മൂന്നിന് യൂണിയനുകളുമായി ഗതാഗത മന്ത്രി ആന്റണി രാജു ചര്‍ച്ച നടത്തുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ വ്യവസ്ഥകളെല്ലാം പറഞ്ഞുറപ്പിച്ചിട്ട് വീണ്ടും എന്തിനാണ് ചര്‍ച്ച എന്നാണ് യൂണിയനുകള്‍ ചോദിക്കുന്നത്. കരാര്‍ അട്ടിമറിക്കാനാണ് നീക്കമെങ്കില്‍ അതിനെ ചെറുക്കുമെന്നും തൊഴിലാളികള്‍ പറഞ്ഞു.

തൊഴിലാളി യൂണിയനുകളുമായി നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ശേഷം ഈ മാസം ഗതാഗതമന്ത്രിയുമായി നടത്തിയ കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണത്തിന് അനുമതിയായത്. ശമ്പള പരിഷ്‌കരണം ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇതിനിടെയാണ് വീണ്ടും ചര്‍ച്ച വേണമെന്ന് ഡിഎംഡി ആവശ്യപ്പെട്ടത്. ശമ്പള പരിഷ്‌കരണം വൈകിയതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി നവംബറില്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. ജനുവരി 15നകം കെ-സ്വിഫ്റ്റ കമ്പിനി പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ യൂണിയനുകളുടെ പിന്തുണ തേടാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല. ഇതാണ് ശമ്പള പരിഷ്‌കരണം ഒപ്പിടുന്നത് വൈകിപ്പിക്കുന്നതെന്ന ആക്ഷേപവും തൊഴിലാളി യൂണിയന്‍ ഉയര്‍ത്തുന്നുണ്ട്. സര്‍ക്കാര്‍ വാക്കുപാലിക്കണമെന്നും ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഭരണത്തില്‍ കൈകടത്തുന്നത് തടയണമെന്നും യൂണിയനുകള്‍ ആവശ്യപ്പെട്ടു.