വയനാടിന് കൈത്താങ്ങായി ചിക്കാഗോ സെന്‍റ് തോമസ് സീറോമലബാര്‍ രൂപത

ജോസ് കണിയാലി
ചിക്കാഗോ: വയനാട് ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ വേദനകളില്‍ ആശ്വാസവുമായി പങ്കുചേരുവാന്‍ ചിക്കാഗോ സെന്‍റ് തോമസ് സീറോമലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് ആഹ്വാനം ചെയ്തു. ആഗസ്റ്റ് 4-ാം തീയതി ഞായറാഴ്ച സീറോമലബാര്‍ രൂപതയുടെ കീഴിലുള്ള പള്ളികളില്‍ രണ്ടാമത്തെ കളക്ഷനില്‍ സമാഹരിക്കുന്ന പണം വയനാട് പുനരധിവാസത്തിനു വേണ്ടി വിനിയോഗിക്കുന്നതാണ്. ഈ ഉദ്യമത്തില്‍ പങ്കാളികളാകുവാന്‍ ബിഷപ് മാര്‍ ജോയി ആലപ്പാട്ട് വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. മാനന്തവാടി രൂപതയില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ സര്‍വീസ് ഡിപ്പാര്‍ട്ടുമെന്‍റ് മുഖാന്തിരം അര്‍ഹരായവര്‍ക്ക് സാമ്പത്തിക സഹായം നല്കും.
ഈ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങാകുവാന്‍ ജാതിമത ഭേദമെന്യേ എല്ലാവരും കഴിവുപോലെ പരിശ്രമിക്കണം. വിഷമംപിടിച്ച ഈ സാഹചര്യത്തില്‍ സാമ്പത്തികമായി സഹായിക്കുകയെന്നുള്ളത് നമ്മുടെ കടമയായി കരുതി അടുത്ത ഞായറാഴ്ചത്തെ വയനാട് ദുരന്ത സഹായ ഫണ്ടിലേക്ക് എല്ലാവരും കഴിവിന്‍റെ പരമാവധി സംഭാവനകള്‍ നല്കണമെന്ന് മാര്‍ ജോയി ആലപ്പാട്ട് അഭ്യര്‍ത്ഥിച്ചു.