അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ഡിവൈഎഫ്ഐ. കേരളത്തില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ട വിഷയത്തെക്കുറിച്ച് ഡിവൈഎഫ്ഐ നേതൃത്വം ചര്‍ച്ച ചെയ്തില്ലെന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് എഐവൈഎഫ്. ജനങ്ങളുടെ എതിര്‍പ്പില്‍ സര്‍ക്കാരിന് നിലപാട് മാറ്റേണ്ടിവരുമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത്. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന മന്ത്രി എംഎം മണിയുടെ പ്രഖ്യാപനം ഇടത് സംഘടനകളില്‍ കടത്ത ഭിന്നിപ്പുണ്ടാക്കുകയാണ്.
പ്രകൃതിയെ മാത്രമല്ല, മനുഷ്യനെയും പരിഗണിച്ചുള്ള വികസനമാണ് വേണ്ടതെന്നും എന്നാല്‍ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എന്‍.എം ഷംസീര്‍ പറഞ്ഞു. കേരളത്തില്‍ ആവശ്യമായ ഊര്‍ജ്ജത്തിന്റെ മുപ്പത് ശതമാനം മാത്രമാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത്. ഊര്‍ജ്ജ ക്ഷാമം പരിഹരിക്കാന്‍ പുതിയ പദ്ധതികള്‍ വേണ്ടിവരും. പ്രകൃതിയെ മാത്രം പരിഗണിക്കുകയല്ല, മനുഷ്യനെയും പരിഗണിക്കണം. വികസനമാണ് വേണ്ടത്. എന്നാല്‍ അതിരപ്പിള്ളി പദ്ധതിയെക്കുറിച്ച് ഡിവൈഎഫ്ഐ ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുത്തിട്ടില്ല എന്ന് ഷംസീര്‍ പറഞ്ഞു.
എന്നാല്‍ അതിരപ്പിള്ളി പദ്ധതിയെക്കുറിച്ച് ഡിവൈഎഫ്ഐ പോലെയുള്ളൊരു സംഘടന ചര്‍ച്ച ചെയ്തിട്ടില്ലെന്നത് അത്ഭുതപ്പെടുത്തുകയാണെന്ന് എഐവൈഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി മഹേഷ് കക്കത്ത് പറഞ്ഞു. അതിരപ്പിള്ളി പദ്ധതിയെ സംബന്ധിച്ച് എഐവൈഎഫ് നേരത്തെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഊര്‍ജ പ്രതിസന്ധിക്ക് ഒറ്റമൂലിയായി അതിരപ്പിള്ളി പദ്ധതിയെ അവതരിപ്പിക്കുന്നത് ശരിയല്ല. ലോകത്താകമാനം പരിസ്ഥിതിയെ സംരക്ഷിക്കണമെന്ന ആവശ്യമുയര്‍ന്നു വരുമ്പോള്‍ ആവാസ വ്യവസ്ഥയെ തകര്‍ക്കുന്ന വികസന പദ്ധതികളെ അനുകൂലിക്കാനാവില്ല. ഊര്‍ജ ഉല്‍പ്പാദനത്തിന് ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടേണ്ടതുണ്ട്. സൗരോര്‍ജ ഉല്‍പ്പാദനത്തില്‍ കേരളം തന്നെ വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ വമ്പിച്ച പ്രകൃതി നാശം വരുത്തുന്ന അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് സമയത്ത് മുന്നോട്ടുവെച്ച പ്രകടന പത്രിക പരിസ്ഥിതി സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കുന്നതാണ്. ഇതില്‍നിന്ന് പിന്നോട്ടുപോകാനാവില്ല. എഐവൈഎഫിനെ വികസന വിരോധികള്‍ എന്നു വിളിച്ചാലും ഈ നിലപാടില്‍ നിന്ന് പിന്നോട്ടില്ല. പരിസ്ഥിതിയുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുമ്പോള്‍ അതിരപ്പിള്ളി പദ്ധതി പരിഗണിക്കാനാവില്ല, മഹേഷ് പറഞ്ഞു.
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രഖ്യാപിത നിലപാടില്‍ മാറ്റമില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുരളീധരന് പറഞ്ഞു. ഊര്‍ജ്ജ പ്രതിസന്ധിക്ക് ഏക പരിഹാരം അതിരപ്പിള്ളിയാണെന്ന നിലപാടിനോട് യോജിക്കാനാവില്ല.
പരിഷത്ത് നേരത്തെ തന്നെഇക്കാര്യം വ്യക്തമാക്കിയതാണ്. പുഴയോര കാടുകളടക്കം 138 ഹെക്ടര്‍ വനമില്ലാതാക്കുകയെന്ന നിലപാടിനോട് യോജിക്കാനാവില്ല. സര്ക്കാരുകള്ക്കെതിരെയല്ല, സര്‍ക്കാരുകളുടെ നിലപാടിനെയാണ് പരിഷത്ത് എതിര്‍ക്കുന്നത്. ഊര്‍ജ ഉല്പാദനത്തിന് ബദല്‍ രീതികള്‍ പരീക്ഷിച്ചു വിജയിച്ച കേരളത്തില്‍ അതിരപ്പിള്ളി നടപ്പാക്കാനാവില്ല. പാരിസ്ഥിതികാഘാതങ്ങള്‍ ഒഴിവാക്കിയുള്ള പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കണം. പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പൂര്‍ണ്ണമായും പിന്മാറണമെന്ന് മുരളീധരന് പറഞ്ഞു.
അതിരപ്പിള്ളി പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇടത് സംഘടനകള്‍ തമ്മിലുള്ള ഭിന്നിപ്പ് കൂടിവരികയാണ്.
സിപിഎം അനുകൂല നിലപാട് സ്വീകരിച്ച പരിഷത്തടക്കം പദ്ധതിക്കെതിരെ നിലകൊള്ളുമ്പോള്‍ സിപിഐയുടെ കടുത്ത നിലപാടും ഇടതുപക്ഷത്തില്‍ പ്രതിസന്ധിയുണ്ടാക്കും. പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനവുമായി മുന്നോട്ടുപോവുകയാണെങ്കില്‍ സിപിഎമ്മിന്റെ ഒരു കപട മുഖം കൂടി പുറത്താവും.