അതിവേഗ റെയില്‍പാത :  മംഗലാപുരത്തേക്ക് കര്‍ണാടകയുടെ അനുമതി തേടി കേരളം

തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള അതിവേഗ റെയില്‍പാത മംഗലാപുരത്തേക്കു നീട്ടി ലാഭകരമായ പദ്ധതിയാക്കി മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്. പാത മംഗലാപുരത്തേക്ക് നീട്ടുന്നതുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക സര്‍ക്കാരിനു കത്തു നല്‍കതി. പിന്നോക്ക ജില്ലയായ കാസര്‍ഗോഡിനെ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ താല്‍പര്യമാണ് കര്‍ണാടക സര്‍ക്കാരിനെ സമീപിക്കാന്‍ കേരള മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത്. ഇക്കാര്യം കഴിഞ്ഞദിവസം നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കുകയും ചെയ്തു. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍(ഡിഎംആര്‍സി) ആണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി സാധ്യതാപഠനം നടത്തിയത്. ഈ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയ്ക്ക് ഉടന്‍ സമര്‍പ്പിക്കും.

പദ്ധതി നടത്തിപ്പിനു സര്‍ക്കാര്‍ രൂപീകരിച്ച കേരള ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ നിര്‍ദ്ദിഷ്ട പദ്ധതിയെക്കുറിച്ചുള്ള ജനവികാരമറിയാന്‍ സംസ്ഥാനത്ത് ഒരു സര്‍വേ നടത്തിയിരുന്നു. ഡല്‍ഹിയിലെ പ്രമുഖ ഗവേഷണ സ്ഥാപനമായ സിഫോറിന് ആയിരുന്നു സര്‍വേയുടെ ചുമതല. പാത കടന്നു പോകുന്ന 11 ജില്ലകളിലെ 110 നിയോജക മണ്ഡലങ്ങളിലാണ് സര്‍വേ നടത്തിയത്. പ്രായപൂര്‍ത്തിയായ 13447 പേരില്‍ നിന്നായിരുന്നു വിവര ശേഖരണം. ഓരോ ജില്ലകളില്‍ നിന്നും 1200 പേരെ നേരില്‍ക്കണ്ടാണ് അഭിപ്രായം ശേഖരിച്ചത്.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 49 ശതമാനവും സ്ത്രീകളായിരുന്നു. 2016 നവംബര്‍ 23 മുതല്‍ 2017 ജനുവരി 17 വരെയായിരുന്നു സര്‍വേ. പങ്കെടുത്തവരില്‍ 88 ശതമാനവും പദ്ധതി നടപ്പാക്കണമെന്ന് അഭിപ്രായപ്പെട്ടു. ജനാധിപത്യ പ്രക്രിയയില്‍ ജനവികാരം മാനിച്ചു കൊണ്ടു പദ്ധതി നടപ്പാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായിരുന്നു സര്‍വേ നടത്തിയത്.

സംസ്ഥാനത്തിന്റെ വികസനത്തിന് ഈ പദ്ധതി വലിയൊരു നാഴികകല്ലായി മാറുമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. അതിവേഗ റെയില്‍പാത വരുന്നതോടെ വന്‍ തോതിലുള്ള അന്തരീക്ഷ ശബ്ദ മലിനീകരണം കുറയ്ക്കാനാകുമെന്ന പ്രതീക്ഷയും സര്‍വേയില്‍ പങ്കെടുത്തവര്‍ പങ്കുവെയ്ക്കുന്നുണ്ട്. ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലൂടെയാണ് നിര്‍ദ്ദിഷ്ട പദ്ധതി കടന്നു പോകുന്നത്. ഈ പദ്ധതി നടപ്പാകുന്നതോടെ ദീര്‍ഘദൂരയാത്രയ്ക്ക് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നതും വന്‍ തോതില്‍ കുറയ്ക്കാനാകും.