കാന്‍സാസ് ഹീറോയെ ഇന്ത്യയിലേക്ക് ക്ഷണിച്ചു

കാന്‍സാസ്: ആദ്യമായി കാണുകയായിരുന്നു ആ ഇന്ത്യക്കാരെ. എന്നിട്ടും അവര്‍ക്കെതിരെ പാഞ്ഞു വന്ന വെടിയുണ്ടകള്‍ക്കു മുന്നിലേക്ക് പാഞ്ഞു കയറി. നരാധമന്റെ ആക്രണമത്തെ ചെറുക്കാന്‍ ശ്രമിച്ചു. ഇപ്പോള്‍ ഇയാന്‍ ഗ്രില്ലോട്ട് എന്ന ഇരുപത്തിനാലുകാരന്‍ ഇന്ത്യയ്ക്കു പ്രിയപ്പെട്ടവനാണ്. വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ഗ്രില്ലോട്ടിനെ വിശേഷിപ്പിച്ചു…ഹീറോ…

ഫെബ്രുവരി ഇരുപത്തിമൂന്നിന് അമേരിക്കയിലെ കാന്‍സാസില്‍ ശ്രീനിവാസ് കച്ചിബോട്‌ലയേയും കൂട്ടുകാരന്‍ അലോക് മദസാനിയേയും ആക്രമിക്കാന്‍ ആദം പുരിന്റണ്‍ എന്ന തോക്കുധാരി പാഞ്ഞടുത്തപ്പോള്‍ രക്ഷകനായത് ഗ്രില്ലോട്ട് എന്ന ചെറുപ്പക്കാരനായിരുന്നു. സംഭവം നടന്ന ഓസ്റ്റിന്‍സ് ബാര്‍ ആന്‍ഡ് ഗ്രില്ലില്‍ ഗ്രില്ലോട്ടുമുണ്ടായിരുന്നു. അക്രമിയെ തടയാന്‍ ശ്രമിക്കുന്നതിനിടെ ഗ്രില്ലോട്ടിന്റെ നെഞ്ചില്‍ വെടിയേല്‍ക്കുകയായിരുന്നു. കൈകളിലും ബുള്ളറ്റുകളേറ്റു. ശ്രീനിവാസിനു ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ അലോകിനു പരിക്കേറ്റു.

യൂണിവേഴ്‌സ്റ്റി ഒഫ് കാന്‍സാസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗ്രില്ലോട്ട് കഴിഞ്ഞ ദിവസം വീട്ടിലെത്തി. ഒരാഴ്ച്ചത്തെ ചികിത്സയ്ക്കു ശേഷമാണ് ഗ്രില്ലോട്ട് ആശുപത്രി വിട്ടത്. ഹൂസ്റ്റണിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അനുപം റോയി, ഗ്രില്ലോട്ടിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. അനുപം റോയിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥരുടെ സംഘം ഗ്രില്ലോട്ടിനെ സന്ദര്‍ശിച്ചിരുന്നു. ഈ ഘട്ടത്തിലാണ് ഇന്ത്യയിലേക്ക് ക്ഷണിച്ചത്. വിശ്രമത്തിനു ശേഷം യാത്ര ചെയ്യാന്‍ പാകത്തിന് ആരോഗ്യവാനാകുമ്പോള്‍ ഇന്ത്യയിലേക്കു വരാന്‍ ഗ്രില്ലോട്ടിനെ ക്ഷണിച്ചതായി അനുപം പറഞ്ഞു.

ഇന്ത്യ സന്ദര്‍ശിക്കാന്‍ കഴിഞ്ഞ ദിവസം ഗ്രില്ലോട്ട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സ്‌കൂള്‍ കാലം മുതല്‍ ഇന്ത്യക്കാര്‍ സുഹൃത്തുക്കളായുണ്ട്. അതു കൊണ്ടു തന്നെയാവാം ഇന്ത്യയോട് പ്രത്യേക ഇഷ്ടം തോന്നിയിട്ടുമുണ്ട്. പക്ഷേ, ചുറ്റുപാടുമുള്ളവരെ ഇന്ത്യക്കാര്‍, മെക്‌സിക്കക്കാര്‍ എന്നിങ്ങനെ വ്യത്യസ്തമായിക്കണ്ടിട്ടില്ല. എല്ലാവരും മനുഷ്യരാണ്. കന്‍സാസില്‍ പരിക്കേറ്റ അലോക് ഇനി എന്റെ അടുത്ത സുഹൃത്തായിരിക്കും, ഗ്രിലോട്ട് പറഞ്ഞു.