കൊട്ടിയൂർ പീഡനം: വൈദികൻ റോബിൻ വടക്കുംചേരിയെ നാലുദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു

കണ്ണൂർ∙ കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ വൈദികൻ റോബിൻ വടക്കുംചേരിയെ പൊലീസ് കസ്റ്റ‍ഡിയിൽ വിട്ടു. നാലു ദിവസത്തേക്കാണ് കസ്റ്റഡി. അന്വേഷണ ഉദ്യോഗസ്ഥന്‍റെ സത്യവാങ്മൂലം പ്രതിഭാഗത്തിനു കൈമാറാന്‍ കഴിയാതിരുന്നതോടെയാണ് ഹര്‍ജിയില്‍ തീര്‍പ്പുകല്‍പ്പിക്കുന്നത് കോടതി ഇന്നത്തേക്ക് മാറ്റിയത്. ഫാ.റോബിനെ കസ്റ്റഡിയില്‍ വാങ്ങി മറ്റുപ്രതികളുടെ പങ്കുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയാണ് പൊലീസിന്‍റെ പ്രധാനലക്ഷ്യം. വയനാട് ജില്ലാശിശുക്ഷേമസമിതിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഫാ.തോമസ് തേരകത്തേയും സി.ബെറ്റിയേയും അന്വേഷണ സംഘം കേസില്‍ പ്രതിചേര്‍ത്തു.

കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരിയും കൊട്ടിയൂർ ഐജെഎം ഹയർസെക്കൻഡറി സ്കൂൾ മാനേജരുമായ ഫാദർ റോബിൻ വടക്കുംചേരിയെ കഴിഞ്ഞ മാസമാണ് അറസ്റ്റു ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പള്ളിമേടയിൽവച്ച് പീ‍ഡിപ്പിച്ച് ഗർഭിണിയാക്കിയെന്നതാണ് കേസ്. കൂത്തുപറമ്പിലെ ആശുപത്രിയിൽ പെൺകുട്ടി ആൺകുഞ്ഞിനു ജന്മം നൽകിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. പെൺകുട്ടിയുടെ പിതാവിനുമേൽ കുഞ്ഞിന്റെ പിത്യത്വം കെട്ടിവയ്ക്കാനും ശ്രമം നടന്നിരുന്നു.