അ​ക്കേ​ഷ്യ, മാ​ഞ്ചി​യം മ​ര​ങ്ങ​ള്‍ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​തി​ന് വി​ല​ക്ക്

തിരുവനന്തപുരം: ജലം ഊറ്റുന്ന അക്കേഷ്യ, മാഞ്ചിയം മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിന് വിലക്ക്. ജലചൂഷണമടക്കം കടുത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അക്കേഷ്യ പ്ലാന്‍റേഷനുകള്‍ ഉണ്ട്. ഈ പ്രദേശങ്ങളില്‍ കടുത്ത ജലക്ഷാമമാണ് നേരിട്ടിരുന്നത്.

സംസ്ഥാനത്ത് സര്‍ക്കാര്‍ ഭൂമിയിലുള്ള ഇത്തരം മരങ്ങള്‍ വെട്ടിക്കളഞ്ഞ് പകരം നല്ല മരങ്ങള്‍ വെച്ചുപിടിപ്പിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന മരങ്ങള്‍ വെട്ടിമാറ്റുന്ന പരിപാടിക്കും ജൂണ്‍ 5ന് തുടക്കം കുറിക്കും.

ഹരിത കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് അടുത്ത മാസം ഒരു കോടി വൃക്ഷത്തെ നടുന്നതിനും യോഗത്തില്‍ തീരുമാനമായി. പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് സംസ്ഥാന വ്യാപകമായി പദ്ധതിക്ക് തുടക്കമാകും. വനം വകുപ്പും കൃഷി വകുപ്പും ചേര്‍ന്നാണ് വൃക്ഷത്തൈകള്‍ ഒരുക്കുന്നത്. വിദ്യാഭ്യാസ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും ചേര്‍ന്ന് വിദ്യാലയങ്ങള്‍ വഴിയും പഞ്ചായത്ത്, കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍ എന്നിവ വഴിയും വൃക്ഷത്തൈകള്‍ വിതരണം ചെയ്യും. പരിസ്ഥിതി വകുപ്പിന്റെ കൂടി പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.