അവസാനം പിണറായി കനിഞ്ഞു; വി.എസ്. അച്യുതാനന്ദന് ഇനി ശമ്പളം കിട്ടും

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്റെ ശമ്പളം തീരുമാനിച്ചു. കാബിനറ്റ് പദവിയുളള വിഎസിന് മന്ത്രിമാര്‍ക്ക് തുല്യമായ ശമ്പളം ലഭിക്കും. ഇതുസംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ടു.

ചുമതലയേറ്റ് 10 മാസം കഴിഞ്ഞിട്ടും ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദനും മറ്റ് അംഗങ്ങള്‍ക്കും ശമ്പളം ലഭിച്ചിരുന്നില്ല. ഇക്കാര്യം ഇന്ന് പ്രതിപക്ഷ അംഗം റോജി എം.ജോണ്‍ നിയമസഭയില്‍ ഉന്നയിച്ചിരുന്നു. ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്റെ ആനുകൂല്യങ്ങള്‍ എത്രയെന്ന് സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്നാണ് ഇതിനു മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.

കഴിഞ്ഞ ഓഗസ്റ്റ് 18 നാണ് കാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനായി വിഎസ് ചുമതലയേറ്റത്. കാബിനറ്റ് പദവി നല്‍കാന്‍ തീരുമാനിച്ചതോടെ അദ്ദേഹത്തിന് എംഎല്‍എ എന്ന നിലയില്‍ ലഭിച്ചുവന്നിരുന്ന ശമ്പളവും മറ്റാനുകൂല്യങ്ങളും നിര്‍ത്തലാക്കിയിരുന്നു. ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദനും അംഗങ്ങളായി മുന്‍ ചീഫ് സെക്രട്ടറിമാരായ സി.പി.നായരും നീല ഗംഗാധരനുമാണ് കമ്മിഷനില്‍ ഉള്ളത്.