-ശിവാനി-
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കാല്‍ നടപടി മൂലം മലയാള സിനിമാ നിര്‍മാണമേഖല സ്തംഭിപ്പിച്ചു. 50 കോടി രൂപ മുടക്കിയ ഏഴ് ചിത്രങ്ങളുടെ ഷൂട്ടിംഗാണ് പ്രതിസന്ധിയിലായത്. മേജര്‍രവിയുടെ മോഹന്‍ലാല്‍ ചിത്രമായ ബിയോണ്ട് ദി ബോര്‍ഡര്‍ രാജസ്ഥാനിലും നിവിന്‍പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ കൊച്ചിയിലും വളരെ പരിതാപകരമായ നിലയില്‍ ചിത്രീകരണം നടത്തുകയാണ്. നിര്‍മാതാക്കളുടെ കയ്യില്‍ പണമുണ്ടെങ്കിലും ബാങ്ക് ഇടപാടുകളിലെ നിയന്ത്രണമാണ് വിനയായത്. ആഴ്ചയില്‍ 50000 രൂപയില്‍ കൂടുതല്‍ സേവിംഗ്സ് അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാന്‍ പറ്റില്ല. അതിനാല്‍ പലര്‍ക്കും ചെക്ക് നല്‍കുകയാണ് ചെയ്യുന്നതെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഴന്‍ പ്രസിഡന്റ് എം. രഞ്ജിത് വൈഫൈ റിപ്പോര്‍ട്ടറോട് പറഞ്ഞു. എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്ന ചിത്രങ്ങളെ ബാധിച്ചിട്ടില്ല. ക്രിസ്മസിന് അവയെല്ലാം തിയറ്ററുകളിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ദിവസം രണ്ട് മുതല്‍ മൂന്ന് ലക്ഷം രൂപ വരെയാണ് ചിത്രീകരണത്തിനായി വേണ്ടത്. ദിവസവേതനം വാങ്ങുന്ന താരങ്ങള്‍ക്കും തൊഴിലാളികളുടെ ബാറ്റ ഇനത്തിലും മറ്റും ചെക്ക് നല്‍കാമെങ്കിലും ഭക്ഷണം വാഹനങ്ങളുടെയും ജനറേറ്ററുകളുടെയും ഇന്ധനം എന്നിവയ്ക്ക് ഒരു ലക്ഷത്തിലധികം തുക വേണ്ടിവരും. ആരോടെങ്കിലും പലിശയ്ക്ക് വാങ്ങാമെന്ന് വച്ചാല്‍ അവരുടെ കയ്യിലുള്ളത് അസാധുവാക്കിയ നോട്ടുകളണ്. ചിത്രീകരണം ഏതാണ്ട് പകുതിയോളം പൂര്‍ത്തിയാക്കിയ സിനിമകളെയാണ് സാമ്പത്തിക പരിഷ്കരണം ബാധിച്ചത്. ജയറാമിന്റെ മകന് കാളിദാസിനെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരം എന്ന ക്യാമ്പസ് ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം ബ്രേക്ക് ആയി. രണ്ടാഴ്ച കഴിഞ്ഞ് തുടങ്ങാനാണ് നീക്കം. അപ്പോഴേക്കും സാമ്പത്തിക പ്രശ്നങ്ങള്‍ സാധാരണ നിലയിലാവുമെന്ന് കരുതുന്നു. നാല് കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്.

