BREAKING NEWS: മാര്‍ത്തോമ്മാസഭയില്‍ നാല് ബിഷപ്പുമാരെ നിയമിക്കാനുള്ള നടപടികള്‍ വിവാദത്തില്‍

മെത്രാന്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന സീനിയര്‍ വൈദികനെതിരെ വ്യാജ പരാതി സ്വീകരിച്ച് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പുറത്താക്കിയതായി ആരോപണം;വൈഫൈ റിപ്പോര്‍ട്ടര്‍ ബ്രേക്കിംഗ് ന്യൂസ്

ഹരി ഇലന്തൂര്‍

തിരുവല്ല ആസ്ഥാനമായ മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയില്‍ നാല് പുതിയ ബിഷപ്പുമാരെ തെരഞ്ഞെടുക്കാനുള്ള നടപടിക്ക് 2015 നവംബറില്‍ സഭാകൗണ്‍സില്‍ അംഗീകാരം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡിനെ തെരഞ്ഞെടുത്തിരുന്നു. ഈ നോമിനേഷന്‍ ബോര്‍ഡ് തയ്യാറാക്കുന്ന വൈദികരുടെ ചുരുക്കപ്പട്ടികയുടെ അടിസ്ഥാനത്തിലാണ് ബിഷപ്പുമാരെ നിയമിക്കുന്നതും സ്ഥാനാരോഹണം നടത്തുന്നതും. നിലവില്‍ മാര്‍ത്തോമാസഭയ്ക്ക് 13 ബിഷപ്പുമാരാണ് ഉള്ളത്.
എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡിന്റെ സജീവ പിരഗണനയില്‍ ഉണ്ടായിരുന്ന റവ. ഡോക്ടര്‍ ജേക്കബ് ചെറിയാന്‍ എന്ന വൈദികനെതിരെയാണ് സഭയിലെ ഒരുസംഘം വ്യക്തികള്‍ ചേര്‍ന്ന് വ്യാജപരാതി അയച്ചതെന്ന് അറിയുന്നു. ഈ വ്യാജപരാതിക്ക് പിന്നില്‍ എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡിലെ ചില അംഗങ്ങളും ഉള്ളതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.

റവ. ഡോക്ടര്‍ ജേക്കബ് ചെറിയാന്‍
റവ. ഡോക്ടര്‍ ജേക്കബ് ചെറിയാന്‍

റവ. ജേക്കബ് ചെറിയാന്‍ നിലവില്‍ കോട്ടയത്തുള്ള തോമസ് മാര്‍ അത്താനേഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൗണ്‍സിലിംഗിന്റെ ഡയറക്ടര്‍ ആണ്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 16ന് പത്തനംതിട്ട ജില്ലയിലെ നെല്ലിക്കാല മാര്‍ത്തോമ്മാ പള്ളിയില്‍ നടന്ന കുടുംബ പ്രതിഷ്ഠാദിന ചടങ്ങില്‍ ഇദ്ദേഹം മുഖ്യാതിഥി ആയിരുന്നു. ഇദ്ദേഹത്തോടൊപ്പം നെല്ലിക്കാല പള്ളിയിലെ വികാരി ജോസ് ടി. എബ്രഹാമും ആരാധനയിലും ശുശ്രൂഷകളിലും പങ്കെടുത്തിരുന്നു. ബിഷപ്പ് സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ നേതൃപാടവം, ആത്മീയ കഴിവുകള്‍ തുടങ്ങിയവ പരിശോധിക്കാന്‍ നോമിനേഷന്‍ ബോര്‍ഡിലെ അംഗങ്ങള്‍ രഹസ്യമായും പരസ്യമായും ഇവര്‍ പങ്കെടുക്കുന്ന പള്ളികളിലും ചടങ്ങുകളിലും പങ്കെടുത്താണ് ഇവരെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നത്. അന്നേദിവസം എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡിലെ അംഗങ്ങളായ അഡ്വ. റോയി മുട്ടത്ത്, അഡ്വ. ജോണ്‍ തോമസ്, സാബു അലക്‌സ് എന്നിവരും നെല്ലിക്കാല പള്ളിയില്‍ ഉണ്ടായിരുന്നു. കുര്‍ബാനക്കുപ്പായം (കാപ്പ) ധരിക്കാതെ വൈദികനായ ജേക്കബ് ചെറിയാന്‍ കുര്‍ബാനയുടെ ഭാഗമായ ശുശ്രൂഷാക്രമങ്ങള്‍ വായിച്ചൂവെന്ന് നോമിനേഷന്‍ ബോര്‍ഡിലെ ഒരംഗം മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് റിപ്പോര്‍ട്ട് കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം തെറിച്ചെതന്നാണ് ആരോപണം.
‘ജേക്കബ് ചെറിയാന്‍ അച്ചന്‍ കാപ്പ ധരിച്ചുകൊണ്ടാണ് കുര്‍ബാന നടത്തിയത്. നൂറുകണക്കിന് ആള്‍ക്കാര്‍ അതിന് സാക്ഷിയാണ്. താന്‍ അങ്ങനെയൊരു റിപ്പോര്‍ട്ട് കൊടുത്തിട്ടില്ല. എന്റെ റിപ്പോര്‍ട്ട് ആവശ്യമെങ്കില്‍ പരസ്യപ്പെടുത്താനും താന്‍ തയ്യാറാണെന്ന് ബോര്‍ഡ് അംഗമായ സാബു അലക്‌സ് വൈഫൈ റിപ്പോര്‍ട്ടറോട് പറഞ്ഞു.
സഭയിലെ ഒരുന്നത ബിഷപ്പിന്റെ താല്‍പര്യ പ്രകാരമാണ് ജേക്കബ് ചെറിയാനെതിരെ വ്യാജ പരാതി സൃഷ്ടിച്ചതെന്നാണ് അറിയുന്നത്. ഈ വൈദികനെതിരെ ഇത്തരമൊരു പരാതി ഉണ്ടായതായി അറിഞ്ഞ് നെല്ലിക്കാല പള്ളിയിലെ വികാരി ജോസ് ടി. എബ്രഹാമും ഇടവക ജനങ്ങളും ചേര്‍ന്ന് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് കൂട്ട നിവേദനം നല്‍കിയതായി അറിയുന്നു.
എട്ട് വര്‍ഷം മുമ്പും ഈ വൈദികന്റെ പേര് മേല്‍പ്പട്ട സ്ഥാനത്തേക്ക് പരിഗണനയ്ക്ക് വന്നപ്പോള്‍ ആരോഗ്യസ്ഥിതി മോശമാണെന്ന പ്രചരണം നടത്തിയാണ് ബിഷപ്പ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും ഇദ്ദേഹത്തെ തെറിപ്പിച്ചത്. അതേ ശക്തികള്‍ തന്നെയാണ് ഇദ്ദേഹത്തിനെതിരെ വീണ്ടും ഇറങ്ങിയിരിക്കുന്നതെന്നാണ് വിശ്വാസികളുടെ ആരോപണം.
കഴിഞ്ഞ കുറേ നാളുകളായി വിവിധ വിഷയങ്ങളുടെ പേരില്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായും വിശ്വാസികളും തമ്മില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസവും ചേരിതിരിവും സഭയില്‍ പ്രകടമാണ്. ചേരി തിരിവ് രൂക്ഷമായതിനെത്തുടര്‍ന്ന് ഈ കഴിഞ്ഞ സെപ്റ്റംബറില്‍ തിരുവല്ലയില്‍ നടന്ന സഭാപ്രതിനിധി മണ്ഡലത്തിന്റെ നടപടികള്‍ വീക്ഷിക്കാന്‍ കോടതി നിരീക്ഷകരെ വരെ നിയമിച്ചിരുന്നു.

newspaper-cutting-thewifireporter
നിലവില്‍ എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡ് വൈദികരായ റവ. ജോസഫ് ഡാനിയേല്‍, റവ. മോത്തി വര്‍ക്കി, റവ. സി.ജി. ജോര്‍ജ്ജ്, റവ. സജു സി. പാപ്പച്ചന്‍ എന്നിവരുടെ പേരുകളാണ് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജേക്കബ് ചെറിയാന്റെ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിനെതിരെ സഭയ്ക്കുള്ളില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഒരുകൂട്ടം വിശ്വാസികള്‍ തയ്യാറെടുക്കുകയാണ്.