സീതാറാം യെച്ചൂരിയുടെ സ്ഥാനാര്‍ത്ഥിത്വം; പോളിറ്റ് ബ്യൂറോയില്‍ തീരുമാനമായില്ല

ന്യൂഡല്‍ഹി:സീതാറാം യെച്ചൂരിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് സി.പി.എം പോളിറ്റ് ബ്യൂറോയില്‍ തീരുമാനമായില്ല. വിഷയം കേന്ദ്ര കമ്മിറ്റി അടുത്ത മാസം ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസ് പിന്തുണയോടെ യെച്ചൂരിയെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ബംഗാള്‍ ഘടകത്തിന്റെ കത്ത് പി.ബിയുടെ ആദ്യ യോഗത്തില്‍ പരിഗണിച്ചിരുന്നില്ല.

യെച്ചൂരി മത്സരിക്കുന്നതിനെ പോളിറ്റ് ബ്യൂറോയില്‍ കേരള ഘടകം ശക്തമായി എതിര്‍ത്തു.എന്നാല്‍ രാജ്യസഭാ സീറ്റിനുള്ള അവസരം പാഴാക്കരുതെന്നായിരുന്നു ബംഗാള്‍ നേതാക്കളുടെ നിലപാട്.

യെച്ചൂരിയുടെ നിലവിലെ രാജ്യസഭാ കാലാവധി ഓഗസ്റ്റ് 18ന് തീരും. കോൺഗ്രസ് കൂടി പിന്തുണച്ചാൽ ബംഗാളിൽനിന്നു സിപിഎമ്മിന് ഒരാളെ രാജ്യസഭയിലേക്ക് അയയ്ക്കാനാകും. യെച്ചൂരിയാണ് സ്ഥാനാർഥിയെങ്കിൽ പിന്തുണയ്ക്കാമെന്നു കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിൽ തൃണമൂൽ കോൺഗ്രസിന്റെയോ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെയെ പിന്തുണയില്ലാതെ യച്ചൂരിക്കു രാജ്യസഭയിലെത്താൻ കഴിയില്ല.