തത്ത തിരിച്ചെത്തുന്നു; കൂടൊരുക്കല്‍ സര്‍ക്കാരിന് തലവേദന

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറായിരിക്കെ അവധിയില്‍ പോയ ജേക്കബ്ബ് തോമസ് 17ന് തിരികെയെത്തുന്നത് സര്‍ക്കാരിന് തലവേദനയാകുന്നു.
നിലവില്‍ ഡി.ജി.പി തസ്തികകളില്‍ ഒഴിവില്ലാത്തതാണ് സര്‍ക്കാരിനെ കുഴയ്ക്കുന്നത്. ഈ മാസം 17വരെയാണ് ജേക്കബ് തോമസ് അവധി എടുത്തിരിക്കുന്നത്. ഇതിനു ശേഷം സര്‍വ്വീസില്‍ തിരികെ പ്രവേശിച്ചാലും തസ്തികകള്‍ ഒന്നും ഒഴിവില്ലാത്തതിനാല്‍ പുതിയ ചുമതലകളൊന്നും ലഭിക്കാനിടയില്ല.

സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ടി.പി.സെന്‍കുമാറിനെ ഡി.ജി.പിയായി പുനര്‍നിയമിക്കപ്പെട്ടപ്പോള്‍ ലോക്‌നാഥ് ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറാക്കിയിരുന്നു. ഇതോടെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് രണ്ടുമാസം മുമ്പ് അവധിയെടുത്ത ജേക്കബ് തോമസ് അവധി നീട്ടുകയും ചെയ്തു.
തിരിച്ചെത്തുന്ന ജേക്കബ് തോമസിനെ ഏതു പദവിയില്‍ നിയമിക്കുമെന്നു സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. നേരത്തേ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശമനുസരിച്ചാണ് ജേക്കബ് തോമസ് നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചത്. ജൂണ്‍ 30ന് ഇപ്പോഴത്തെ ഡി.ജി.പി സെന്‍കുമാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചാല്‍ േലാക്‌നാഥ് ബെഹ്‌റയെ വീണ്ടും സംസ്ഥാന പൊലീസ് മേധാവിയാക്കി നിയമിക്കാനും ജേക്കബ്ബ് തോമസിന് വിജിലന്‍സ് തിരിച്ചു നല്‍കാനുമുള്ള തീരുമാനവും വന്നേക്കാം.

എന്നാല്‍ സുപ്രീം കോടതി വിധി വന്ന ശേഷം സെന്‍കുമാറിന്റെ നിയമന ഉത്തരവ് സര്‍ക്കാര്‍ വൈകിപ്പിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താല്‍ രണ്ടാഴ്ച്ച കൂടി സെന്‍കുമാറിന് നീട്ടി നല്‍കാനും സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ജൂലൈ 14 വരെയാവും സെന്‍കുമാറിന്റെ സര്‍വ്വീസ് കാലയളവ്. അവധിക്ക് ശേഷം തിരിച്ചെത്തുന്ന ജേക്കബ്ബ് തോമസിനെ ഇക്കാലയളവില്‍ എന്ത് ചുമതലയേല്‍പ്പിക്കുമെന്നതും സര്‍ക്കാരിനെ കുഴയ്ക്കുന്നു.

ഹൈക്കോടതിയില്‍നിന്നുള്ള തുടര്‍ച്ചയായ വിമര്‍ശനവും ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധവും സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ അമര്‍ഷവും കണക്കിലെടുത്താണു ജേക്കബ് തോമസിനെ ആദ്യം നീക്കിയത്.

ഇ.പി.ജയരാജന്റെ ബന്ധുനിയമന കേസ്, സി.പി.എം നേതാവ് ടി.പി.ദാസന്‍ ഉള്‍പ്പെട്ട സ്‌പോര്‍ട്‌സ് ലോട്ടറി കേസ് തുടങ്ങിയ കേസുകളില്‍ ജേക്കബ് തോമസിന്റെ നിലപാട് സി.പി.എമ്മിനുള്ളില്‍ അതൃപ്തി സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് ഡയറക്ടറെ മാറ്റണമെന്നു മുഖ്യമന്ത്രിയോടു പാര്‍ട്ടി നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ച്ചയായ വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ഡയറക്ടറെ സര്‍ക്കാര്‍ മാറ്റാത്തത് എന്താണെന്നുവരെ ഹൈക്കോടതി ചോദിച്ചിരുന്നു.

തിരികെ വരുന്ന മുന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അപ്രധാന ചുമതല നല്‍കിയാല്‍ മതിയെന്ന് സി.പി.എമ്മിലെ ഒരു വിഭാഗം ഇപ്പോഴും വാദമുയര്‍ത്തുന്നുണ്ട്. കാര്യങ്ങള്‍ എങ്ങനെ നീങ്ങിയാലും ജേക്കബ്ബ് തോമസിന്റെ കടന്നു വരവോടെ സംസ്ഥാനത്തെ ഉന്നത പൊലീസ് തലപ്പത്ത് ഉടന്‍ അഴിച്ചുപണിക്കുള്ള സാധ്യത തെളിഞ്ഞുകഴിഞ്ഞു.