സെന്‍കുമാറിന്റെ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി; ഉദ്യോഗസ്ഥയ്ക്ക് ഡി.ജി.പി ഓഫീസില്‍ തുടരാം

പൊലീസ് ആസ്ഥാനത്ത് സ്ഥലം മാറ്റം നടപ്പാക്കി ഡിജിപി സെൻകുമാർ പുറത്തിറക്കിയ ഉത്തരവ് സർക്കാർ മരവിപ്പിച്ചു. പൊലീസ് സ്ഥലമാറ്റത്തിനെതിരെ ടി സെക്ഷനിലെ ജൂനിയർ സൂപ്രണ്ട് കുമാരി ബീന ചീഫ് സെക്രട്ടറിക്കും ആഭ്യന്തരസെക്രട്ടറിക്കും പരാതി നൽകിയിരുന്നു. കുമാരി ബീനയ്ക്ക് ജീവനക്കാരിക്ക് ഡിജിപി ഓഫിസിൽ തുടരാമെന്ന് സർക്കാർ അറിയിച്ചു.

സെൻകുമാർ മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചതിനു പിന്നാലെയാണ് സർക്കാരിന്റെ തിരുത്തൽ നടപടി. സ്ഥലംമാറ്റം ഉത്തരവിറങ്ങി മൂന്ന് ദിവസം പിന്നിട്ടിട്ടും അതീവ രഹസ്യസ്വഭാവമുള്ള കേസുകൾ കൈകാര്യം ചെയ്യുന്ന ടി സെക്ഷിനിൽ നിന്ന് മാറിപോകാൻ വനിതാ ജീവനക്കാരി കൂട്ടാക്കിയിരുന്നില്ല.ഇതേ തസ്തികയിലേക്ക് എസ്എപിയിൽ നിന്ന് സ്ഥലംമാറി എത്തിയ ജൂനിയർ സൂപ്രണ്ടന്‍റിനെ ചുമതലയേൽക്കാതെ മാറി നിൽകേണ്ടിയും വന്നു.

കോണ്‍ഫിഡൻഷ്യൽ അസിസ്റ്റന്‍റ് ഉൾപ്പടെ 3 ജീവനക്കാരെയാണ് ഡിജിപി ഓഫീസിൽ നിന്ന് മറ്റു തസ്തികയിലേക്ക് സെൻകുമാർ മാറ്റിയത്.സ്ഥമാറ്റ ഉത്തരവ് മരവിപ്പിച്ചതോടെ സെൻകുമാറും സർക്കാരും നേരിട്ടുള്ള ഏറ്റുമുട്ടലിന്‍റെ പാതയിലായി.

അതേസമയം പൊലീസ് ആസ്ഥാനത്തെ സന്ദർശകർ തിരിച്ചറിയൽ രേഖ ധരിക്കേണ്ടെന്ന ഡിജിപിയുടെ നിർദ്ദേശം ഗുരുതര സുരക്ഷാവീഴ്ചയ്ക്കിടയാക്കുമെന്ന വാദമാണ് ഒരു വിഭാഗം ഉന്നത ഉദ്യോഗസ്ഥർ ഉയർത്തുന്നത്.

അതീവ സുരക്ഷാ മേഖലയിലടക്കം സന്ദർശകർ കടന്നു കയറാൻ പുതിയ തീരുമാനം വഴിവക്കുമെന്നും ഉത്തരവിനെ എതിർക്കുന്നവർ പറയുന്നു. ജീവനക്കാരെയും സന്ദർശകരെയും തിരിച്ചറിയാനാവത്തത് മറ്റ് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നും ആക്ഷേപമുണ്ട്. ആസ്ഥാന മന്ദിരത്തിന്റെ പ്രവേശന വഴിയിൽ തിരിച്ചറിയൽ രേഖ നൽകുന്നതാണ് നിലവിലെ രീതി.