മല്ലികാ ഷെരാവത്തിനെയും കാമുകനെയും മുഖമൂടി സംഘം ആക്രമിച്ചു

പാരീസ്: നടി മല്ലികാ ഷെരാവത്തിനെയും കാമുകനെയും മുഖമൂടിസംഘം കണ്ണീര്‍ വാതകം പ്രയോഗിച്ച ശേഷം ആക്രമിച്ചു. പാരീസിലെ അപ്പാര്‍ട്‌മെന്റില്‍ വച്ചായിരുന്നു സംഭവം. നാല്‍പ്പത്കാരിയായ മല്ലികയും 45കാരനായ മോഡല്‍ സിറില്‍ ഒക്‌സന്‍ഫാനും ദീര്‍ഘനാളായി ഇവിടുത്തെ ഫ്‌ളാറ്റില്‍ ഒരുമിച്ച് ജീവിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പതെരയോടെയാണ് ആക്രമണം നടന്നതെന്ന് പൊലീസ് പറഞ്ഞു. മുഖത്ത് ചെറിയ മുറിവ് പറ്റിയ ഇരുവരും ആസ്പത്രിയില്‍ പോകാന്‍ വിസമ്മതിച്ചതായി ഫ്രഞ്ച് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മോഷണ ശ്രമമാകാം ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. എമര്‍ജന്‍സി സര്‍വീസില്‍ വിളിച്ചറിയിച്ചത് കൊണ്ടാണ് ഇരുവരും രക്ഷപെട്ടത്. അമേരിക്കന്‍ മോഡലും അവതാരകയുമായ കിം കര്‍ദാഷിയാനെ ഹോട്ടലില്‍ വെച്ച് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും കവര്‍ന്നതിന് പിന്നാലെയാണ് ഈ സംഭവവും.
സിറിലിന് റിയല്‍ എസ്‌റ്റേറ്റ് ബിസിനസുണ്ട്. അതുമായി ബന്ധപ്പെട്ട ആക്രമണമാകാനും സാധ്യതയുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. അന്താരാഷ്ട്ര മോഡലായ സിറില്‍ ബോളിവുഡ് താരങ്ങളെ അടിക്കടി സന്ദര്‍ശിക്കാറുണ്ട്. ഇതിനിടെയാണ് മല്ലികയെ കണ്ടുമുട്ടിയത്. റിമ ലാംമ്പ എന്ന മല്ലികാ ഷെരാവത്ത് ഇന്ത്യയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്കെതിരെയും അഭിമാനക്കൊലപാതകങ്ങള്‍ക്കെതിരെയും പ്രതികരിച്ചിരുന്നു. പാരീസില്‍ ഇടയ്ക്കിടെ മല്ലിക പോകാറുണ്ട്. സിറിലുമായി അടുത്തതോടെയാണ് അവിടെ താമസിക്കാന്‍ തുടങ്ങിയത്. ബോളിവുഡില്‍ നിന്നും ഹോളിവുഡില്‍ നിന്നും നിരവധി ഓഫറുകളുണ്ടെങ്കിലും താരം തല്‍ക്കാലം വേണ്ടെന്ന് വച്ചിരിക്കുകയാണ്.