കെ.എച്ച്.എന്‍.എ യുവജനമേള ഡിട്രോയിറ്റില്‍

ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ജൂലൈ 1 മുതല്‍ 4 വരെ ഡിട്രോയിറ്റില്‍ വച്ചു നടത്തുന്ന അന്തര്‍ദേശീയ ഹിന്ദു സംഗമത്തോടനുബന്ധിച്ച് കലാശാല വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രത്യേക യുവജന സമ്മേളനം നടത്തുന്നതാണ്.

മൂന്നു ദിവസങ്ങളിലായി ഒരുക്കുന്ന മേളയില്‍ അമേരിക്കയിലെ ലോകോത്തര സാങ്കേതികവിദ്യാ പരിശീലനത്തിനിടയില്‍ അന്യമാകുന്ന ജീവിതമൂല്യങ്ങളും, കുടുംബബന്ധങ്ങളും വീണ്ടെടുക്കുന്നതില്‍ ഭാരതീയ ദര്‍ശനങ്ങള്‍ക്കുള്ള പങ്ക് വിശദമാക്കുന്ന പഠനകളരികള്‍ ഒരുക്കുന്നതാണ്. ചിന്മയാ മിഷനിലേയും, അമ്മ സെന്ററിലേയും, ഹരേകൃഷ്ണ പ്രസ്ഥാനത്തിലേയും പ്രമുഖ പ്രഭാഷകരായ ആചാര്യ വിവേക്, അപര്‍ണ്ണ മല്‍ബറി, സ്‌പെന്‍സര്‍ ഡലിസില്‍ തുടങ്ങിയവര്‍ പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതാണ്.

കണ്‍വന്‍ഷന്റെ ഭാഗമായ, അമേരിക്കയിലെ പ്രമുഖ കമ്പനികളും, സാങ്കേതിക വിദഗ്ധരും, അക്കാഡമിക് പ്രതിഭകളും പങ്കെടുക്കുന്ന പ്രൊഫഷണല്‍ കൂട്ടായ്മയില്‍ സ്വന്തം മികവ് തെളിയിക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരവും ലഭിക്കുന്നു. വ്യക്തിഗത മികവുകളും, നൂതന ആശയങ്ങളും അവതരിപ്പിക്കുന്ന ഒരു യുവപ്രതിഭയെ “യംഗ് ഇന്നവേറ്റര്‍’ അവാര്‍ഡും ക്യാഷ് പ്രൈസും നല്‍കി ആദരിക്കുന്നതാണ്. വിവിധങ്ങളായ കായിക അഭ്യാസങ്ങളും, ധ്യാന പരിശീലനവും മേളയുടെ ഭാഗമായി സജ്ജീകരിക്കുന്നതാണ്. കൂടാതെ മുപ്പതോളം സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന യുവതീ യുവാക്കളുടെ വ്യക്തിത്വം മാറ്റുരയ്ക്കുന്ന “യുവമോഹിനി സൗന്ദര്യമത്സരം’ മറ്റൊരു ആകര്‍ഷണമാണ്.

സമാപനം കുറിക്കുന്ന യൂത്ത് ബാങ്ക്വറ്റ് നിശയില്‍ തെന്നിന്ത്യന്‍ കലാറാണിയെന്ന് അറിയപ്പെടുന്ന രാജകുമാരിയുടെ സംഗീത-നൃത്ത ഫ്യൂഷന്‍ കലാവിരുന്നും ഉണ്ടായിരിക്കും. അമേരിക്കയിലേയും കാനഡയിലേയും ഏറ്റവും വലിയ ഈ മലയാളി യുവജന സംഗമത്തിന് യൂത്ത് ചെയര്‍മാന്‍ ശബരി സുരേന്ദ്രന്‍, കോ-ഓര്‍ഡിനേറ്റര്‍ വിനോദ് വരപ്രവന്‍, അഞ്ജലി പുല്ലര്‍കാട്, രേവതി നായര്‍, ശ്രുതി വാര്യര്‍, വിനീത നായര്‍, കാര്‍ത്തിക കൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. സതീശന്‍ നായര്‍ അറിയിച്ചതാണിത്.

KHNA_PI 1