കൊച്ചി മെട്രോ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

കൊച്ചി: കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ പ്രധാനമന്ത്രി സ്വിച്ചോണ്‍ ചെയ്ത് മെട്രോയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു.

മലയാളത്തില്‍ സംസാരിച്ചു തുടങ്ങിയ പ്രധാമനന്ത്രി കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം ഈ മുഹൂര്‍ത്തത്തില്‍ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞു. കൊച്ചി അറബിക്കടലിന്റെ റാണിയാണ്. കേരളത്തിന്റെകൊമേഴ്‌സ്യല്‍ ക്്യാപിറ്റലാണ്. ഇപ്പോള്‍ കൊച്ചിക്കൊരു മെട്രോ റെയിലും ലഭിച്ചിരിക്കുന്നു. കൊച്ചിയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് മെട്രോ സഹായമാകും.കൊച്ചി മെട്രോ പരിസ്ഥിതി സൗഹാര്‍ദ വികസന മാതൃകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മെട്രോയുടെ സവിശേഷതകള്‍ എടുത്തുപറഞ്ഞ പ്രധാനമന്ത്രി മെട്രോയ്ക്ക് പിന്നില്‍ പ്രവത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനമറിയിച്ചു.

ട്രാന്‍സ്ജന്റേഴ്‌സിന് ജോലികൊടുത്ത സര്‍ക്കാരിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. സംസ്ഥാന ഗതാഗത ചരിത്രത്തിലെ നാഴികല്ലാണ് കൊച്ചി മെട്രോ. കഴിഞ്ഞ മൂന്നുവര്‍ഷമായി അടിസ്ഥാന വികസനത്തിനാണ് എന്‍ഡിഎ സര്‍ക്കാര്‍ ശ്രമിക്കുന്നത്. നമുക്ക് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഗതാഗത മേഖലയില്‍ വിദേശ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് ഗുണം ചെയ്യും. അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോ കാര്‍ഡ് വെങ്കയ്യ നായിഡു പ്രകാശനം ചെയ്തു.കൊച്ചി വണ്‍ മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു.

രാവിലെ കൊച്ചി നാവികസേന വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന്  സ്വീകരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും നാവികസേന ആസ്ഥാനത്ത്് എത്തിയിരുന്നു. പ്രധാനമനന്ത്രിയുടെ വാഹന വ്യൂഹം കടന്നുപോയ വഴികളില്‍ വന്‍ സുരക്ഷാ സന്നാഹമാണ് പൊലീസും എസ്പിജിയും ഒരുക്കിയുന്നത്. കെട്ടിടത്തിന്റെ മുകളുകളില്‍പ്പോലും ആളുകളെ കയറി നില്‍ക്കാന്‍ സമ്മതിച്ചിരുന്നില്ല.

പാലാരിവട്ടത്തെത്തിയ പ്രധാനമന്ത്രിയെ ഡിഎംആര്‍സി മുഖ്യ ഉപധേഷ്ടാവ് ഇ.ശ്രീധരന്‍, കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ് എന്നിലര്‍ ചേര്‍ന്നു സ്വീകരിച്ചു. രണ്ടു ട്രെയിനുകളാണ് പ്രധാനമന്ത്രിക്ക് യാത്ര ചെയ്യാനായി ഒരുക്കിയിരുന്നത്. ഏതിലാണ് അദ്ദേഹം യാത്ര ചെയ്യുന്നത് എന്ന് സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി പരസ്യപ്പെടുത്തിയിരുന്നില്ല. പാലാരിവട്ടം മുതല്‍ പത്തടിപ്പാലം വരെയും തിരിച്ച് പാവാരിവട്ടത്തേക്കും പ്രധാനമന്ത്രി മെട്രോയില്‍ സഞ്ചരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍,കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഗവര്‍ണര്‍ പി.സദാശിവം എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.