രാഷ്ട്രപതി സ്ഥാനാര്‍ഥി: എല്‍.കെ.അദ്വാനിക്ക് വേണ്ടി ഡല്‍ഹിയില്‍ പോസ്റ്ററുകള്‍

ന്യൂഡല്‍ഹി: ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് യോഗം നാളെ ചേരാനിരിക്കെ, മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനിയെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കണമെന്ന പോസ്റ്ററുകള്‍ തലസ്ഥാന നഗരത്തില്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടു. ‘ബിജെപിയുടെ സ്രഷ്ടാവും ലോഹപുരുഷനും ദേശീയ രാഷ്ട്രീയത്തിലെ മഹാനേതാവുമായ അഡ്വാനിയാണു രാഷ്ട്രപതി സ്ഥാനാര്‍ഥിത്വത്തിന് ഏറ്റവും അനുയോജ്യന്‍’ എന്നാണു പോസ്റ്റര്‍ വാക്യം. ചിലയിടങ്ങളില്‍ പോസ്റ്ററുകള്‍ കീറിക്കളഞ്ഞ നിലയിലുമായിരുന്നു. മെട്രോ സ്റ്റേഷനുകള്‍ക്കു മുന്നിലാണു പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.രാഷ്ട്രപതി സ്ഥാനാര്‍ഥിത്വ വിഷയത്തില്‍ ബിജെപി സമിതിയിലെ കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്ങും വെങ്കയ്യ നായിഡുവും പാര്‍ട്ടി മാര്‍ഗദര്‍ശകമണ്ഡല്‍ അംഗങ്ങളായ എല്‍.കെ.അഡ്വാനി, മുരളീമനോഹര്‍ ജോഷി എന്നിവരുമായി വെള്ളിയാഴ്ച നടത്തിയ ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നില്ല.

രാഷ്ട്രപതി സ്ഥാനത്തേക്ക് അനുയോജ്യ സ്ഥാനാര്‍ഥിയെ നിര്‍ദേശിക്കാന്‍ ഇരുവരും തയാറാകാത്തതു ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തന്ത്രങ്ങള്‍ക്കു തിരിച്ചടിയായി. സമിതിയുടെ ഭാഗത്തുനിന്നു പരിഗണിക്കുന്ന പേരുകള്‍ ഇവരുടെ മുന്നിലും അവതരിപ്പിച്ചില്ല. മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കാനായി അവരെക്കൊണ്ടു തന്നെ ചില പേരുകള്‍ ശുപാര്‍ശ ചെയ്യിക്കാനായിരുന്നു സമിതിയുടെ ശ്രമം. അന്തിമ തീരുമാനമെടുക്കുന്ന പാര്‍ലമെന്ററി ബോര്‍ഡില്‍ അഡ്വാനിയും ജോഷിയും അംഗങ്ങളല്ല. കര്‍ഷക നേതാവ് അശോക തന്‍വറിന്റെ പേരിലാണു നഗരത്തിലെങ്ങും അഡ്വാനി അനുകൂല പോസ്റ്ററുകള്‍ നിറഞ്ഞത്.