പട്ടാപ്പകല്‍ നടുറോഡില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

കൊച്ചി: കലൂരില്‍ യുവാവ് പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം. കോതമംഗലം നെല്ലിമറ്റം സ്വദേശിയായ ചിത്തിരയാണ് ആക്രമണത്തിന് ഇരയായത്. കോതമംഗലം സ്വദേശിയായ ശ്യാം എന്ന യുവാവാണ് ചിത്തിരയെ കഴുത്തറുത്തത്. തിങ്കളാഴ്ച രാവിലെ 6.45ഓടെയായിരുന്നു സംഭവം. പ്രണയ നൈരാശ്യമാണ് അക്രമത്തിന് കാരണമെന്ന് പറയപ്പെടുന്നു.

ശ്യാമിന് ചിത്തിരയെ നേരത്തേ പരിചയമുണ്ടായിരുന്നു. ഇയാള്‍ പെണ്‍കുട്ടിയെ പതിവായി ശല്യം ചെയ്തിരുന്നെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന ചിത്തിരയെ ശ്യാം ഓട്ടോ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. പെയിന്‍റിംഗ് തൊഴിലാളിയായ ശ്യാം പുട്ടിയിടാന്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് ആക്രമിച്ചത്. കഴുത്തിനു പിറകിലും തുടയിലുമാണ് ഗുരുതര പരിക്കേറ്റത്. യുവതിയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചു. യുവതി ഇതുവരെയും അപകട നില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

അക്രമം നടത്തിയ ശ്യാം ഉടന്‍തന്നെ രക്ഷപ്പെട്ടെങ്കിലും ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിപ്പോള്‍ സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസിലാണ്. കലൂരിലെ സ്വകാര്യ ലാബോറട്ടറി ജീവനക്കാരിയാണ് പരിക്കേറ്റ ചിത്തിര.