വാഗ്ദാനം മറക്കേണ്ടെന്ന് രജനിയോട് കര്‍ഷകര്‍

ചെന്നൈ: തമിഴകം കാത്തിരിക്കുന്ന രാഷ്ട്രീയ പ്രവേശനത്തിനുള്ള കരുക്കള്‍ നീക്കിത്തുടങ്ങിയിരിക്കുന്നു സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത്.

നേരത്തെ ആരാധകരെ കണ്ട് തന്റെ രാഷ്ട്രീയ നിലപാട് പരസ്യമാക്കിയ രജനി കഴിഞ്ഞ ദിവസം സമരം ചെയ്യുന്ന തമിഴ്‌നാട്ടിലെ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തി. കര്‍ഷകര്‍ പോയിസ് ഗാര്‍ഡനിലെ വീട്ടിലെത്തിയാണ് രജനിയെ കണ്ടത്. നദീസംയോജനത്തിനായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ സൗത്ത് ഇന്ത്യന്‍ റിവേഴ്‌സ് ഇന്റര്‍ ലിങ്കിങ് ഫാര്‍മേഴ്‌സ് അസോസിയേഷന്റെ പതിനാറ് പ്രതിനിധികളാണ് തങ്ങളുടെ ആവശ്യത്തിന് പിന്തുണ തേടി രജനിയെ കണ്ടത്.

ഈ ആവശ്യത്തിനുവേണ്ടി ഒരു കോടി രൂപ സംഭാവന ചെയ്യാമെന്ന 2002ലെ വാഗ്ദാനത്തെക്കുറിച്ച് കര്‍ഷക പ്രതിനിധികള്‍ രജനിയെ ഓര്‍മിപ്പിച്ചു. ഈ തുക കേന്ദ്രസര്‍ക്കാരിന് നേരിട്ട് കൈമാറണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെട്ടത്.
രജനി സഹായിക്കുമെന്നാണ് പ്രതീക്ഷ. രജനിയെപ്പോലൊരാള്‍ ഇടപെട്ടാല്‍ പ്രശ്‌നത്തിന് വേഗം പരിഹാരം കാണാമെന്നാണ് പ്രതീക്ഷയെന്നും കര്‍ഷകര്‍ പറഞ്ഞു.
മഹാനദി, ഗോദാവരി, കൃഷ്ണ, പാലാരു, കാവേരി നദികള്‍ സംയോജപ്പിക്കുന്ന പ്രവൃത്തിക്കായി താന്‍ മുന്‍കൈയെടുക്കുമെന്ന് രജനി വാഗ്ദാനം ചെയ്തതായി കര്‍ഷകര്‍ പറഞ്ഞു.