രാംനാഥ് കോവിന്ദിനെ വിമര്‍ശിച്ച റാണ അയ്യൂബിനെതിരെ പോലീസില്‍ പരാതി

ന്യൂഡല്‍ഹി: എന്‍.ഡി.എ രാഷ്ട്രപതി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിനെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിന് പ്രമുഖ മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിനെതിരെ പൊലീസില്‍ പരാതി. ബി.ജെ.പി വക്താവ് നുപൂര്‍ ശര്‍മയാണ് ഡല്‍ഹി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയത്. എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ അപമാനിക്കുന്നതും വിദ്വേഷം നിറഞ്ഞതുമാണ് റാണയുടെ ട്വിറ്റര്‍ പോസ്‌റ്റെന്നാണ് നുപൂര്‍ ശര്‍മയുടെ പരാതി. ‘പ്രതിഭ പാട്ടീലാണ് മോശം രാഷ്ട്രപതിയെന്നാണ് നിങ്ങള്‍ വിചാരിച്ചിരുന്നത് എന്ന് പന്തയം വെക്കാം’ എന്നായിരുന്നു കോവിന്ദിനെ സ്ഥാനാര്‍ഥിയാക്കിയതിന് പിന്നാലെ റാണയുടെ ട്വീറ്റ്.

പട്ടിക ജാതി, വര്‍ഗ വിഭാഗങ്ങള്‍ക്കെതിരെ അതിക്രമം തടയല്‍ നിയമപ്രകാരം കേസ് എടുക്കണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. അതേസമയം, തനിക്കെതിരെ പരാതി നല്‍കിയതിന് നുപൂര്‍ ശര്‍മക്ക് മറുപടിയായി റാണ വീണ്ടും ട്വിറ്ററില്‍ പ്രതികരിച്ചു. പ്രശസ്തിക്കു വേണ്ടിയാണ് പരാതി നല്‍കിയതെങ്കില്‍ നിങ്ങളുടെ നേതാക്കളെ കുറിച്ച് പരാമര്‍ശിക്കുന്ന തന്റെ ‘ഗുജറാത്ത് ഫയല്‍സ്’ എന്ന പുസ്തകം അയച്ചു തരാമെന്നായിരുന്നു മറുപടി. റാണ അയ്യൂബിനെ മുമ്പും ബി.ജെ.പി വേട്ടയാടിയിരുന്നു.

2016ല്‍ പുറത്തുവന്ന റാണ അയ്യൂബ് എഴുതിയ ‘ഗുജറാത്ത് ഫയല്‍സ്: അനാട്ടമി ഓഫ് കവര്‍ അപ്’ എന്ന പുസ്തകം ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ പുസ്തകം അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും തലവേദന സൃഷ്ടിച്ചിരുന്നു. തെഹല്‍ക്കയില്‍ ജോലി ചെയ്യുമ്പോള്‍ നടത്തിയ സ്റ്റിങ് ഓപറേഷനുകളിലൂടെ കണ്ടെത്തിയ വിവരങ്ങളാണ് പുസ്തകത്തിലുള്ളത്.