മമ്മൂട്ടി ഇപ്പോള്‍ ബാംഗ്ലൂരില്‍ പരോളില്‍

നവാഗതനായ ശരത് സന്ദിത്ത് മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രത്തിന് പേരിട്ടു. പരോള്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ബാംഗ്ലൂരില്‍ ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്.

ഒരു ഫാമിലി ത്രില്ലര്‍ ചിത്രമാണ് പരോള്‍. ചിത്രത്തില്‍ മമ്മൂട്ടിയുടെ ജയില്‍ സീക്വന്‍സുകളാണ് ബാംഗ്ലൂരില്‍ ചിത്രീകരിക്കുക. ചിത്രത്തില്‍ ജയില്‍ വാര്‍ഡനായി ജൂബി നൈനാനും വേഷമിടും. മിയയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ഒരു മുംബൈ മോഡലും ചിത്രത്തില്‍ നായികയായെത്തും.

ചിത്രത്തിന് പേരിട്ടതും മമ്മൂട്ടി. എന്നാല്‍ അതിന് കാരണക്കാരന്‍ അരിസ്റ്റോ സുരേഷ്. ആക്ഷന്‍ ഹീറോ ബിജു എന്ന നിവിന്‍ പോളി ചിത്രത്തില്‍ മുത്തേ പൊന്നേ പിണങ്ങല്ലേ……എന്ന് തുടങ്ങുന്ന തട്ടുപൊളപ്പന്‍ ഗാനവുമായെത്തിയ അരിസ്റ്റോ സുരേഷ് മലയാളികളുടെ പ്രിയ ഗായകനാണിപ്പോള്‍. എന്നാല്‍ ആക്ഷന്‍ ഹീറോ ബിജുവിന് മുമ്പ് അരിസ്റ്റോയ്ക്കൊരു ഭൂതകാലമുണ്ടായിരുന്നു.

ചിത്രത്തിലേതുപോലെ തന്നെ അരിസ്റ്റോ ഒരു നിത്യ ജയില്‍ സന്ദര്‍ശകനായിരുന്നു. അതുകൊണ്ട് മമ്മൂട്ടിയ്ക്കും അതിനുള്ള അവസരം സൃഷ്ടിക്കുകയായിരുന്നു അരിസ്റ്റോ സുരേഷ്. കഴിഞ്ഞ ദിവസം മമ്മൂട്ടി ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിയപ്പോള്‍ അരിസ്റ്റോ ഒരു പാട്ടു പാടുകയുണ്ടായി. പരോള്‍ കാലം എന്ന് തുടങ്ങുന്ന പാട്ടാണ് അരിസ്റ്റോ പാടിയത്. മമ്മൂട്ടി ഇത് കേള്‍ക്കാനിടയായി. പാട്ട് കേട്ടതും മമ്മൂട്ടി ക്ലാപ് ബോര്‍ഡ് വാങ്ങി അതില്‍ പരോള്‍ എന്ന് സ്വയം എഴുതി ക്ലാപ്പടിച്ചു. തുടര്‍ന്ന് ലൊക്കേഷനിലുള്ളവര്‍ മമ്മൂട്ടിയ്ക്കൊപ്പം സ്നേഹപൂര്‍വ്വം കൈയ്യടിച്ചു അംഗീകരിച്ചെന്നും ഇങ്ങനെയാണ് ചിത്രത്തിന് പരോള്‍ എന്ന പേര് വീഴുന്നതെന്നും ചിത്രത്തിന്റെ നിര്‍മ്മാതാക്കളിലൊരാളായ ജൂബി നൈനാന്‍ അറിയിച്ചു. അരിസ്റ്റോ പാടിയ ഗാനം സിനിമയ്ക്ക് വേണ്ടി പാടി ഡാന്‍സ് കളിക്കുന്ന പാട്ടാണെന്നും ജൂബി നൈനാന്‍ പറഞ്ഞു.

അജിത് പൂജപ്പുരയാണ് തിരക്കഥ. ആന്റണി ഡിക്രൂസ് എന്റര്‍ടെയ്ന്‍മെന്റിന്റെയും ജെ.ജെ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ ജൂഡ് സുധീറും ജൂബി നൈനാനും ചേര്‍ന്നാണ് നിര്‍മ്മാണം. പ്രശസ്ത പരസ്യ സംവിധായകന്‍ കൂടിയായ ശരത്തും മമ്മൂട്ടിയും ഇതാദ്യമായല്ല ഒന്നിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി ശരത്ത് ഒരു പരസ്യം സംവിധാനം ചെയ്തിട്ടുണ്ട്.