പുതുവൈപ്പിന്‍: തീവ്രവാദ ആരോപണത്തിനെതിരെ കേസുമായി ജമാഅത്തെ ഇസ്ലാമിയും മീഡിയാവണ്‍ ചാനലും

പുതുവൈപ്പിന്‍ ജനത നടത്തിയ ജനകീയ സമരത്തിനുള്ള മുസ്ലിം സംഘടനകളുടെ പിന്തുണയെ തീവ്രവാദ നുഴഞ്ഞുകയറ്റമായി പ്രചരിപ്പിക്കുന്നതിനെതിരെ ജമാഅത്തെ ഇസ്ലാമിയും മീഡിയാവണ്‍ ചാനലും രംഗത്ത്. ജനകീയ സമരത്തെ അടിച്ചമര്‍ത്താനുള്ള സംഘപരിവാര്‍ അജണ്ടയാണ് ഇത്തരം തീവ്രവാദ ആരോപണത്തിന് പിന്നിലെന്ന് ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ ഷെയ്ഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞു. ഐ.ഒ.സി പ്ലാന്റിനെതിരെ നടക്കുന്ന ജനകീയ സമരത്തില്‍ തീവ്രവാദി സംഘടനകളുണ്ടെന്നാണ് സംഘപരിവാര്‍ അനുഭാവികളും ഇടത് സൈബര്‍ പ്രവര്‍ത്തകരുമടക്കമുള്ളവര്‍ പ്രചിരിപ്പിക്കുന്നത്.

puthuvypeen

ജമാഅത്തെ ഇസ്ലാമി അടക്കമുള്ള സംഘടനകളുടെയും മീഡിയാ വണ്‍ ചാനലിനെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും സോളിഡാരിറ്റിയുടെയും പേര് എടുത്തുപറഞ്ഞാണ് പ്രചാരണം നടക്കുന്നത്.

ഇതുസംബന്ധിച്ച് രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോര്‍ട്ട് ഉണ്ടെന്ന് പറഞ്ഞാണ് പ്രചാരണം. സമരത്തില്‍ മാവോയിസ്റ്റ് മുന്‍ സിമി പ്രവര്‍ത്തകരുടെ സാമിപ്യവും മുന്‍കാല ഭൂസമരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തീവ്രസംഘടനകളുടെ ഭീഷണിയും സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം സ്ഥിരീകരിച്ചുവെന്നാണ് ചില മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണം.

കൊച്ചിയില്‍ ഹൈക്കോടതി മജിസ്‌ട്രേറ്റിനെയും ഉന്നത പോലീസ് ഉദ്യോഗസ്ഥനെയും വകവരുത്താന്‍ സിറയിയിലുള്ള ഇസ്ലാമിക് സ്‌റ്റേറ്റ് പദ്ധതിയിട്ടതിന് പിന്നാലെയാണ് പ്രധാനമന്ത്രിക്ക് ഭീഷണിയെന്ന് ഇതുസംബന്ധിച്ച് മംഗളം നല്‍കിയ വാര്‍ത്ത. ഇതേത്തുടര്‍ന്നാണ് പുതുവൈപ്പിന്‍ സമരക്കാരെ പോലീസ് നേരിട്ടതെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

puthuvypeen-attack_0

ജമാഅത്തെ ഇസ്ലാമിയും മീഡിയാവണ്‍ ചാനലും സമരത്തിന് മറ്റൊരു തരത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന വിവരം ആലുവ എസ്.പി എ.വി. ജോര്‍ജ്ജിന് ലഭിച്ചുവെന്നാണ് മറ്റൊരു വാദം. വെല്‍ഫെയര്‍ പാര്‍ട്ടിയും സോളിഡാരിറ്റി പ്രവര്‍ത്തകരും കഴിഞ്ഞദിവസം പുതുവൈപ്പിന്‍ പ്രദേശത്തെ വീടുകളില്‍ നോട്ടീസ് വിതരണം നടത്തിയെന്നത് ഗുരുതര സുരക്ഷാ വിഷയം ആണെന്നാണ് മറ്റൊരു പ്രചാരണം.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുമ്പായി കൊച്ചിയില്‍ വിപ്ലവം തീര്‍ക്കാന്‍ തീവ്രസംഘടനകള്‍ സമരം ഹൈജാക്ക് ചെയ്‌തെന്നാണ് മറ്റൊരു വിചിത്രവാദം. ജമാഅത്തെ ഇസ്ലാമി സമരത്തില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ അതിനെതിരെ നടപടിയെടുക്കേണ്ടത് ഭരണകൂടമാണല്ലോ.

സമരത്തില്‍ ജമാത്തെ ഇസ്ലാമി പങ്കെടുത്തുവെന്ന് തെളിയിക്കാത്തിടത്തോളം ഇത്തരം പ്രചാരണങ്ങള്‍ എല്ലാം വാസ്തവവിരുദ്ധമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണെന്ന് ഷേഖ് മുഹമ്മദ് കാരക്കുന്ന് പറയുന്നു.  മീഡിയാ വണ്‍, റിപ്പോര്‍ട്ടര്‍ എന്നീ ചാനലുകളാണ് ഡി.സി.പി യതീഷ് ചന്ദ്ര നടത്തിയ ക്രൂരമായ നരനായാട്ടിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.