ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടത്തിനായി ശ്രീകാന്ത്

മെല്‍ബണ്‍: ലോക ബാഡ്മിന്റണില്‍ വിസ്മയമായി ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്ത് കുതിക്കുന്നു. നാലാം സീഡ് ചൈനയുടെ ഷി യുഖിയെ അട്ടിമറിച്ച് ശ്രീകാന്ത് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസ് ഫൈനലിലെത്തി. സ്‌കോര്‍: 21-10, 21-14.
സൂപ്പര്‍ സീരിസില്‍ ശ്രീകാന്തിന്റെ തുടര്‍ച്ചയായ മൂന്നാം ഫൈനലാണ്. നേരത്തെ സിംഗപ്പൂര്‍ ഓപ്പണില്‍ റണ്ണേഴ്‌സ് അപ്പായ ശ്രീകാന്ത് കഴിഞ്ഞയാഴ്ച ഇന്‍ഡോനേഷ്യ ഓപ്പണ്‍ സ്വന്തമാക്കി. തുടര്‍ച്ചയായ മൂന്ന് സൂപ്പര്‍ സീരിസില്‍ ഫൈനല്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമാണ് ശ്രീകാന്ത്. വനിതകളില്‍ സൈന നേവാളും പി വി സിന്ധുവും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.

തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലാണ് യുഖിയെ ശ്രീകാന്ത് തോല്‍പ്പിക്കുന്നത്. നേരത്തെ സിംഗപ്പൂര്‍ ഓപ്പണിലും യുഖിയെ ശ്രീകാന്ത് തോല്‍പ്പിച്ചിരുന്നു. ഇവിടെ 40 മിനിറ്റിനുള്ളില്‍ ശ്രീകാന്ത് വിജയത്തിലെത്തി. തകര്‍പ്പന്‍ സ്മാഷുകള്‍ക്കൊപ്പം മികച്ച ബാക്ക്ഹാന്‍ഡ്‌സ് ഷോട്ടുകളുമായതോടെ ശ്രീകാന്തിന്റെ വിജയം അനായാസമായി.
ആദ്യ ഗെയിമിന്റെ തുടക്കത്തില്‍ മാത്രമായിരുന്നു യുഖി ഭേദപ്പെട്ട പ്രകടനം നടത്തിയത്. തുടക്കത്തില്‍ സ്‌കോര്‍ 5-5 ആക്കാനും ചൈനീസ് താരത്തിനായി. തുടര്‍ന്ന് ശക്തമായി ശ്രീകാന്ത് തിരിച്ചെത്തുന്ന കാഴ്ചയാണ് കണ്ടത്.

എതിരാളിക്ക് ഒരവസരം പോലും നല്‍കാതെ ശ്രീകാന്ത് മുന്നേറി. ശ്രീകാന്തിന്റെ ഉജ്ജ്വലമായ സ്മാഷുകള്‍ക്ക് മറുപടി നല്‍കാന യുഖിക്കായില്ല. ഒടുവില്‍ 21-10 ന് ആദ്യ ഗെയിം ശ്രീകാന്തിന് സ്വന്തം. വനെറും 15 മിനിറ്റിനുള്ളില്‍ ഗെയിം തീര്‍ന്നു.
രണ്ടാം ഗെയിമിന്റെ തുടക്കവും ഒപ്പത്തിനൊപ്പം. സ്‌കോര്‍ 6-6 ല്‍ നിന്നായിരുന്നു ശ്രീകാന്തിന്റെ കുതിപ്പ്. 11-8 ന് മുന്നിലെത്തിയ ശ്രീ ലീഡ് 14-8 ആയി ഉയര്‍ത്തി. പക്ഷെ അടുത്ത മൂന്ന് പോയിന്റ് യുഖിക്ക്. മികച്ച സ്മാഷുകളുമായി മുന്നേറിയ ശ്രീകാന്ത് സ്‌കോര്‍ 19-13 ആക്കി ഉയര്‍ത്തി. അധികം വൈകാതെ ഗെയിമും മല്‍സരവും ശ്രീകാന്തിന് സ്വന്തം.

സ്വപ്‌നസഫലമായ നേട്ടമെന്നാണ് വിജയത്തെ കുറിച്ച് ശ്രീകാന്ത് പ്രതികരിച്ചത്. ഒളിമ്പിക്‌സിന് ശേഷം വലതു കണങ്കാലിന് പരുക്കേറ്റ ശ്രീകാന്ത് കുച്ചു നാള്‍ വിശ്രമത്തിലായിരുന്നു. രണ്ടു വര്‍ഷം മുമ്പ് ലോക സൂപ്പര്‍ സീരിസ് ഫൈനലിലെത്തിയ ശേഷം ശ്രീകാന്ത് ലോക റാങ്കിങ്ങിലടക്കം പിന്നിലാവുകയായിരുന്നു. ഓസ്‌ട്രേലിയന്‍ സൂപ്പര്‍ സീരിസിന് മുമ്പ് ശ്രീകാന്തിന്റെ ലോക റാങ്കിങ് 22 ആയിരുന്നു. എന്നാല്‍ ഇവിടത്തെ മികച്ച പ്രകടനത്തോടെ ലോക റാങ്കിങില്‍ 11 ലെത്താന്‍ ശ്രീകാന്തിനായി.

പുതുക്കിയ റാങ്കിങ്ങില്‍ ശ്രീകാന്ത് ആദ്യ 10 ലെത്തുമെന്ന് ഉറപ്പായി. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസ് കിരീടത്തിനായി ഒളിമ്പിക് ചാമ്പ്യന്‍ ചെന്‍ ലോങിനെ ശ്രീകാന്ത് നേരിടും. സെമിയില്‍ ലീ ഹ്യുനെ 26-24, 15-21, 21-17 ന് ചെന്‍ ലോങ് തോല്‍പ്പിച്ചിരുന്നു.