ബി.ജെ.പി നേതാവിന്റെ കള്ളനോട്ടടി: ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സ്ഥലത്തെത്തി പരിശോധന നടത്തി

തൃശൂരിലെ ബിജെപി നേതാക്കളുടെ കള്ളനോട്ടടി കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഫിറോസ് ഷഫീഖ് സ്ഥലത്തെത്തി പരിശോധന നടത്തി. കള്ളനോട്ടടി സങ്കേതം കണ്ടെത്തിയ ബിജെപി പ്രവര്‍ത്തകരായ ഏരാച്ചേരി രാഗേഷിന്റേയും രാജീവിന്റെയും വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

ബിജെപി നേതാക്കളുടെ കള്ളനോട്ടടിയുമാി ബന്ധപ്പെട്ട കേസ് ഇന്നലെയാണ് ക്രൈംബ്രാഞ്ചിന് വിട്ടത്. കള്ളനോട്ടടിയില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുക. രാജീവിന്റെ നേതൃത്തിലാണ് കള്ളനോട്ടടി നടന്നതെന്നാണ് സംശയിക്കുന്നത്. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടു കിട്ടേണ്ടതുണ്ട്. ഇതിനുള്ള അപേക്ഷ ക്രൈംബ്രാഞ്ച് ഉടന്‍ സമര്‍പ്പിക്കും.

കഴിഞ്ഞ ജൂണ്‍ പത്തിനാണ് കള്ളനോട്ടടിക്കാനുള്ള യന്ത്രം ബിജെപി ഒബിസി മോര്‍ച്ച കൈപമംഗലം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയായിരുന്ന രാജീവ് കൊടുങ്ങല്ലൂരില്‍ നിന്നും വാങ്ങുന്നത്. രണ്ടാഴ്ചയോളം തുടര്‍ച്ചയായി കള്ളനോട്ടടിച്ചതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. തീരമേഖലയിലെ ചെറുകിട ലോട്ടറി വില്‍പ്പനക്കാര്‍ക്ക് നോട്ടുകള്‍ നല്‍കി ലോട്ടറി വാങ്ങിക്കൂട്ടുകയായിരുന്നു. പെട്രോള്‍ പമ്പില്‍ വിതരണം ചെയ്ത നോട്ടില്‍ നിന്നും തുടങ്ങിയ അന്വേഷണമാണ് രാഗേഷിലേക്കും രാജീവിലേക്കും എത്തുന്നത്.