നടിയുമായി സൗഹൃദമില്ല; റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെക്കുറിച്ച് ചോദിച്ചറിഞ്ഞു; മൊഴികള്‍ പരിശോധിക്കുന്നു

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്ത നടന്‍ ദിലീപിന്റെയും നാദിര്‍ഷയുടെയും മൊഴികള്‍ പൊലീസ് ഒത്തുനോക്കുന്നു. ദിലീപിന്റെയും നാദിര്‍ഷയുടെയും മൊഴികള്‍ക്കൊപ്പം ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെയും മൊഴി പരിശോധിക്കുന്നുണ്ട്.

ഇന്നലെ 13 മണിക്കൂറാണ് ദിലീപിനെയും നാദിര്‍ഷയെയും ആലുവ പൊലീസ് ക്ലബില്‍ എഡിജിപി ബി.സസന്ധ്യയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തത്. നടിയുമായി ഇപ്പോള്‍ സൗഹൃദത്തിലല്ലെന്നു ദിലീപ് സമ്മതിച്ചു. അകലാനുള്ള സാഹചര്യങ്ങള്‍ പൊലീസ് ചോദിച്ചറിഞ്ഞു എന്നാണ് അറിയാന്‍ കഴിയുന്നത്. ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളെക്കുറിച്ചും പൊലീസ് ചോദിച്ചറിഞ്ഞു.

ദിലീപിന്റെ ഏതെങ്കിലും സിനിമയുടെ സെറ്റില്‍ സുനില്‍കുമാര്‍ വന്നിരുന്നോ, ദിലീപിന് സുനില്‍കുമാറുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നും പൊലീസ് ചോദിച്ചറിഞ്ഞു.എന്നാല്‍ സുനില്‍കുമാറിനെ അറിയില്ല എന്നാണ് ദിലീപ് നല്‍കിയ മൊഴിയെന്നും വിവരങ്ങള്‍ പുറത്തുവരുന്നു.നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയും അതോടൊപ്പം തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചതായ ദിലീപിന്റെ പരാതിയും ചേര്‍ത്താണ് ാെപാലീസ് ചോദ്യം ചെയ്തത്. മൂന്നു പേരെയും ഒരുമിച്ചിരുത്തിയും വെവ്വേറെ മുറികളിലുമായും ചോദ്യം ചെയ്തു. ഇവരുടെ മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടോ എന്നും പരിശോധിക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് മൊഴികള്‍ ഒത്തുനോക്കുന്നത്.