നടി അക്രമിക്കപ്പെട്ട സംഭവം ചര്‍ച്ചയാകും; പോസിറ്റീവായ ചര്‍ച്ച പ്രതീക്ഷിക്കുന്നുവെന്ന് രമ്യ നമ്പീശന്‍

നടി അക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ താരസംഘടന ‘അമ്മ’യുടെ നിര്‍ണായക വാര്‍ഷികയോഗം കൊച്ചിയില്‍. മുന്‍ നിലപാടില്‍നിന്നു വ്യത്യസ്തമായി, നടി അക്രമിക്കപ്പെട്ട സംഭവം വാര്‍ഷിക യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നു അമ്മ ഭാരവാഹികള്‍ അറിയിച്ചു. നടന്‍ ദിലീപും യോഗത്തില്‍ പങ്കെടുക്കും. എന്നാല്‍ ആക്രമത്തിനിരയായ നടി യോഗത്തില്‍ പങ്കെടുക്കില്ല.

നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ പോസിറ്റീവായ ചര്‍ച്ച പ്രതീക്ഷിക്കുന്നുവെന്ന് അമ്മ എക്‌സിക്യൂട്ടീവ് അംഗം രമ്യ നമ്പീശന്‍. സിനിമാ രംഗത്തെ സ്ത്രീ സംഘടനയായ വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് ‘അമ്മ’യുടെ ബദല്‍ സംഘടനയല്ലെന്നും രമ്യ നമ്പീശന്‍ വ്യക്തമാക്കി.

നടി അക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു പതിമൂന്നു മണിക്കൂറോളം നീണ്ട മൊഴിയെടുപ്പിനുശേഷം പുറത്തിറങ്ങിയ ദിലീപ് ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുമെന്നു മാധ്യമങ്ങളെ അറിയിച്ചിരുന്നു. ബുധനാഴ്ച നടന്ന അമ്മ എക്‌സിക്യുട്ടീവ് യോഗത്തിലും വിഷയം ചര്‍ച്ചയായെന്ന് ഇടവേള ബാബു പറഞ്ഞു. കൊച്ചിയില്‍ ചേര്‍ന്ന എക്‌സിക്യുട്ടീവ് യോഗം മൂന്നു മണിക്കൂര്‍ നീണ്ടു. എക്‌സിക്യൂട്ടീവ് അംഗമായ രമ്യ നമ്പീശന്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ചെന്നൈയിലായതിനാല്‍ യോഗത്തിന് എത്തില്ലെന്നു രമ്യ അറിയിച്ചിരുന്നു. ആലുവയില്‍ പൊലീസിനു മൊഴി നല്‍കുന്നതിനാല്‍ ദിലീപിനും യോഗത്തില്‍ പങ്കെടുക്കാനായില്ല.

മമ്മൂട്ടി, മോ!ന്‍ലാല്‍, ഇന്നസെന്റ്, ഇടവേള ബാബു തുടങ്ങിയവരെല്ലാം എക്‌സിക്യുട്ടീവില്‍ പങ്കെടുത്തു. നടി അക്രമിക്കപ്പട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് നേരത്തെ പറഞ്ഞിരുന്നു. അതേസമയം, താരങ്ങള്‍ക്കു പരസ്യമായി അഭിപ്രായം പറയുന്നതിനു വിലക്കില്ലെന്നും ഇന്നസെന്റ് വ്യക്തമാക്കി. ആരുടെയും വായ അടപ്പിക്കാനില്ല. നടി ആക്രമിക്കപ്പെട്ട സംഭവം അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ ചര്‍ച്ച ചെയ്യും. താരങ്ങള്‍ തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നില്ല. യോഗം തുടങ്ങാന്‍ ദിലീപിനായി കാത്തിരിക്കില്ലെന്നും ഇന്നസെന്റ് പറഞ്ഞിരുന്നു.

കോടതിയിലിരിക്കുന്ന വിഷയം ചര്‍ച്ച ചെയ്തിട്ടു കാര്യമില്ല. നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം നന്നായി നടക്കുന്നുണ്ട്. സിനിമയില്‍ ക്രിമിനലുകള്‍ ഉള്ളതായി അറിയില്ല. നടിയുടെ പേരു പറഞ്ഞു പരസ്യപ്രതികരണം നടത്തിയവര്‍ക്കെതിരെ പറയാനില്ല. കുറ്റവാളികള്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും അവര്‍ക്കൊപ്പം നില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആ കേസ് മര്യാദയ്ക്കു നടക്കുന്നതുകൊണ്ടാണല്ലോ ഒന്നിലേറെ പ്രതികളെ പിടിച്ച് അകത്തിട്ടിരിക്കുന്നത്.

അന്വേഷണം ഭംഗിയായി നടക്കുന്നുണ്ട്. ആരൊക്കെയാണ് പ്രതികളെന്നും ഗൂഢാലോചനയുണ്ടോയെന്നും തീരുമാനിക്കേണ്ടത് കോടതിയും പൊലീസുമാണ്. അന്വേഷണം നടക്കട്ടെ. കുറ്റം ചെയ്തത് ആരായാലും പിടിക്കപ്പെടണം. താന്‍ കുറ്റം ചെയ്തവരുടെ കൂടെ നില്‍ക്കുന്ന ഒരാളല്ല. സംഭവത്തിനു പിന്നില്‍ !ഗൂഢശ്രമം ഉണ്ടോയെന്നു കണ്ടത്തേണ്ടത് പൊലീസാണെന്നും ഇന്നസെന്റ് പറഞ്ഞു.