നടിയെ ആക്രമിച്ച കേസ്: അന്വേഷണത്തില്‍ ഡി.ജി.പിക്ക് അതൃപ്തി; ബി. സന്ധ്യ ഒറ്റയ്ക്ക് അന്വേഷിക്കേണ്ടെന്ന് ഉത്തരവ്‌

നടിയെ ആക്രമിച്ച കേസ് ശരിയായ ദിശയിലല്ല പോകുന്നത് എന്ന് ഡിജിപി ടി.പി സെന്‍കുമാര്‍. അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന് പല കാര്യങ്ങളും അറിയാന്‍ സാധിക്കുന്നില്ലെന്ന് ഡിജിപി. എഡിജിപി ദിനേന്ദ്ര കശ്യപാണ് നിലവില്‍ സംഘത്തവലവന്‍.

തുടരന്വേഷണം എഡിജിപി ബി.സന്ധ്യ ഒറ്റയ്ക്ക് നടത്തേണ്ടെന്നും അന്വേഷണ സംഘം ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും ഡിജിപി സര്‍ക്കുലറിറക്കി. അന്വേഷണ സംഘത്തിന് ലഭിക്കുന്ന പല സുപ്രധാന വിവരങ്ങളും പുറത്തുപോകുന്നുവെന്നും ഡിജിപി വിമര്‍ശിക്കുന്നു. പ്രൊഫഷണല്‍ രീതിയിലല്ല അന്വേഷണം മുന്നോട്ടുപോകുന്നത് എന്നാണ് ഇന്ന് വിരമിക്കുന്ന ഡിജിപിയുടെ നിരീക്ഷണം.

എഡിജിപി ബി. സന്ധ്യയുടെ ഒറ്റയ്ക്കുള്ള അന്വേഷണം ഇനി നടക്കില്ല,ഇനിയെന്ത്് നടപടി വേണമെങ്കിലും കൂട്ടമായ ആലോചനയ്ക്ക് ശേഷമേ നടക്കുകയുള്ളു. എല്ലാ വിവരങ്ങളും മുതിര്‍ന്ന ഉദ്യോഗസ്ഥനെ അറിയിക്കാനും നിര്‍ദ്ദേശമുണ്ട്. ഇത് കേസന്വേഷണത്തിന് കാലതാമസം വരുത്തുമോ എന്ന് ആശങ്ക ഇതോടെ ഉണ്ടായിരിക്കുകയാണ്.

ദിലീപിനെതിരെ തെളിവുണ്ടോയെന്ന് സെന്‍കുമാര്‍ ചോദിച്ചിരുന്നു. ദിലീപിനെ 12 മണിക്കൂര്‍ ചോദ്യം ചെയ്ത നടപടിയെത്തുടര്‍ന്നാണ് ഇത്തരമൊരു ഇടപെടല്‍ ഡിജിപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം. കൊച്ചിയില്‍ ദിലീപിനെ തുടര്‍ച്ചയായി ചോദ്യം ചെയ്യുന്നത് അവസാനപ്പിച്ചത് തിരുവനന്തപുരത്തുള്ള ഉന്നത ഉദ്യോഗ്സ്ഥന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് വാര്‍ത്തകള്‍ പുറത്തുവലന്നിരുന്നു.