അന്വേഷണം കാവ്യയിലേക്ക്; നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യമാധവന്റെ വ്യാപാരസ്ഥാപനത്തില്‍ ഏല്‍പ്പിച്ചെന്ന് പള്‍സര്‍ സുനി

കാവ്യാമാധവന്റെ വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ പോലീസ് റെയ്ഡ് നടത്തിയത് പള്‍സര്‍ സുനി പകര്‍ത്തിയ നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് തേടി. മെമ്മറി കാര്‍ഡ് കാവ്യയുടെ സ്ഥാപനത്തില്‍ ഏല്‍പ്പിച്ചെന്ന പള്‍സര്‍ സുനി മൊഴിയെ തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്‌.

കൂട്ടുപ്രതി വീജീഷാണ് മെമ്മറി കാര്‍ഡ്‌കൈമാറിയതെന്നും സുനി മൊഴി നല്‍കിയിരുന്നു. മെമ്മറി കാര്‍ഡില്‍ നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ടെന്നാണ് വിവരം.

കടയിലെ സിസിടിവിയും, ഹാര്‍ഡ് ഡിസ്‌കും അടക്കമുള്ളവ പൊലീസ് കസ്റ്റഡിയിലെടുത്തു. സിസിടിവിയില്‍ പള്‍സര്‍ സുനി പറഞ്ഞ ദിവസങ്ങളിലെ ദൃശ്യങ്ങള്‍ ഇല്ല. ഇവ ഡിലീറ്റ് ചെയ്തതായാണ് അറിയാന്‍ കഴിയുന്നത്. കഴിഞ്ഞ 10 ദിവസത്തെ ദൃശ്യങ്ങള്‍ മാത്രമാണ് സിസിടിവിയിലുള്ളത്.

മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും ഇതുവരെ പൊലീസിന് കണ്ടെടുക്കാനായിട്ടില്ല. പള്‍സര്‍ സുനിയോ, കൂട്ടാളിയായ വിജീഷോ ലക്ഷ്യയിലെത്തിയിട്ടുണ്ടോ എന്നറിയാനായി സമീപത്തെ കടകളിലെ അടക്കം സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

വെള്ളിയാഴ്ച രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയാണ് പൊലീസ് ലക്ഷ്യയില്‍ പരിശോധന നടത്തിയത്. കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘത്തിലെ സിഐയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കടയിലെ പണമിടപാട് അടക്കമുള്ള രേഖകളും പൊലീസ് പരിശോധിച്ചിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജയില്‍ കഴിയുന്ന പള്‍സര്‍ സുനി ദിലീപനിനയച്ച കത്തില്‍ കാക്കനാട്ടെ ദിലീപിന്റെ വ്യാപാരസ്ഥാപനത്തില്‍ പോയതായി സൂചിപ്പിക്കുന്നുണ്ട്. ഇവിടെ രണ്ട് തവണ പോയതായും സുനി കത്തില്‍ വ്യക്തമാക്കിയിരുന്നു.

നടിയെ ആക്രമിച്ചതിന്റെ പിറ്റേന്ന് ഒളിവില്‍പോകും മുന്‍പാണു കാക്കനാട്ടെ കടയിലെത്തിയതെന്ന് സുനി പൊലീസിനോട് മൊഴി നല്‍കിയത്. അപ്പോള്‍ ദിലീപ് ആലുവയിലാണെന്നു മറുപടി ലഭിച്ചതായും പറഞ്ഞു. കഴിഞ്ഞ ദിവസം ദിലീപിന്റെ മൊഴി രേഖപ്പെടുത്തിയ അന്വേഷണസംഘം ഇതുസംബന്ധിച്ച കാര്യങ്ങള്‍ തിരക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ പരിശോധന.

നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ പേരില്‍ നടന്‍ ദിലീപിനെ ബ്ലാക്‌മെയ്ല്‍ ചെയ്തു പണം ചോദിച്ചു ജയിലില്‍നിന്നു പ്രതി സുനില്‍ കുമാര്‍ എഴുതിയ കത്തില്‍ പരാമര്‍ശിക്കുന്ന ‘കാക്കനാട്ടെ ഷോപ്പി’നെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. ഇതു സംബന്ധിച്ചു സുനില്‍ വിശദമായ മൊഴി നല്‍കിയിരുന്നു. കുറ്റകൃത്യത്തിനു ശേഷം കാക്കനാട്ടെ കടയിലെത്തിയതായി കത്തില്‍ രണ്ടിടത്തു സുനില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണു സ്ഥാപനത്തില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്.

കാവ്യ മാധവന്റെ വീട്ടിലും പോലീസ് ശനിയാഴ്ച പരിശോധന നടത്തിയിരുന്നു. കാവ്യാമാധവന്റെ വെണ്ണലയിലെ വില്ലയിലാണ് അന്വേഷണസംഘം ഇന്നലെ രണ്ട് തവണ പരിശോധനയ്ക്ക് എത്തിയത്. നടിയെ ആക്രമിച്ച ഘട്ടത്തില്‍ ഇതൊരു ക്വട്ടേഷനാണെന്നും, തമ്മനത്തെ ഡിഡി റിട്രീറ്റ് എന്ന വില്ലയില്‍ നിന്നുമാണ് തനിക്ക് ഈ ക്വട്ടേഷന്‍ ലഭിച്ചതെന്നും പ്രതിയായ പള്‍സര്‍ സുനി നടിയോട് വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച പരിശോധനയ്ക്കായാണ് പൊലീസ് സംഘം വെണ്ണലയിലെ വീട്ടിലെത്തിയത്.

കേസിലെ പ്രതിയായ പള്‍സര്‍ സുനി മെമ്മറി കാര്‍ഡ് അഭിഭാഷകനെ ഏല്‍പ്പിച്ചെന്നായിരുന്നു നേരത്തെ പൊലീസിനെ അറിയിച്ചിരുന്നത്. എന്നാല്‍ അന്ന് പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.