അശ്വിന് അഞ്ച് വിക്കറ്റ്, ഇംഗ്ലണ്ട് 255നു പുറത്ത്; ഇന്ത്യക്ക് 200 റണ്‍സ് ലീഡ്

ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിങ്‌സില്‍ 255ന് ചുരുട്ടിക്കെട്ടിയെങ്കിലും ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് തകര്‍ച്ചയോടെ തുടക്കം. 17 ഓവര്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് മൂന്ന് വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. ഓപ്പണര്‍മാരായ രാഹുല്‍, മുരളീവിജയയുടെയും രാഹുലിന്റെയും വിക്കറ്റുകള്‍ സ്റ്റുവര്‍ട്ട് ബോര്‍ഡ് എറിഞ്ഞിട്ടപ്പോള്‍ ഒന്നാം ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടിയ പുജാര ഒരു റണ്ണിന് ഔട്ടായി. ജയിംസ് ആന്റേഴ്‌സനാണ് പൂജാരയുടെ വിക്കറ്റെടുത്തത്. ക്രീസില്‍ അജിങ്കെ രഹാനെയും ക്യാപ്ടനും വിരാട് കോഹ്ലിയും ശ്രദ്ധയോടെ ബാറ്റ് ചെയ്യുന്നു. 18ാമത്തെ ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 48 ന് മൂന്ന് എന്ന നിലയിലാണ് ഇന്ത്യന്‍ സ്‌കോര്‍.
ഇന്ത്യയുടെ 455 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് 255 റണ്‍സിന് പുറത്തായി. അശ്വിന്‍ 29.5 ഓവറില്‍ 67 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി.
അഞ്ചു വിക്കറ്റിന് 103 റണ്‍സ് എന്ന നിലയിലാണ് മൂന്നാം ദിനമായ ഇന്ന് ഇംഗ്ലണ്ട് ബാറ്റിങ് പുനരാരംഭിച്ചത്. ഇന്നലെ പുറത്താകാതെ നിന്ന ബെന്‍ സ്റ്റോക്കും ജോണി ബെയര്‍‌സ്റ്റോയും ചേര്‍ന്ന് ഇംഗ്ലണ്ടിനെ കരകയറ്റുമെന്നു തോന്നിച്ചെങ്കിലും സ്‌കോര്‍ 190ല്‍ വച്ച് 53 റണ്‍സെടുത്ത ബെയര്‍‌സ്റ്റോ പുറത്തായി. 225ല്‍ വച്ച് 70 റണ്‍സെടുത്ത ബെന്‍ സ്റ്റോക്കും പുറത്തായതോടെ ഇംഗ്ലണ്ടിന്റെ തകര്‍ച്ച പൂര്‍ത്തിയാകുകയായിരുന്നു. 32 റണ്‍സുമായി ആദില്‍ റഷീദ് പുറത്താകാതെ നിന്നു.

ഇന്ത്യക്കു വേണ്ടി മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ, ജയന്ത് യാദവ് എന്നിവര്‍ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.