കലാഭവൻ മണിയുടെ മരണം: നുണപരിശോധനാഫലം പുറത്ത്; അസ്വാഭാവികമായി ഒന്നുമില്ല

ചാലക്കുടി ∙ നടൻ കലാഭവൻ മണിയുടെ മരണത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്ന് നുണ പരിശോധനാഫലം. ആറുപേരെയാണ് നുണ പരിശോധനയ്ക്ക് വിധേയമാക്കിയത്. നേരത്തെ നൽകിയ മൊഴിതന്നെ ആറുപേരും നുണപരിശോധനയിലും ആവർത്തിച്ചു.

കലാഭവൻ മണിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തെ തുടർന്നാണ് നുണപരിശോധന നടത്തിയത്. മണിയുടെ മരണത്തിനു മുൻപ് അദ്ദേഹത്തിന്റെ ഔട്ട്ഹൗസായ പാടിയിൽ ഒപ്പമുണ്ടായിരുന്ന മണിയുടെ ഡ്രൈവര്‍ പീറ്റര്‍, മാനേജര്‍ ബേബി, സുഹൃത്തുക്കളായ അനീഷ്, മുരുകന്‍, വിപിന്‍, അരുണ്‍ എന്നിവരാണ് നുണപരിശോധനയ്ക്ക് വിധേയരായത്.