”ഞാന്‍ ഒരുചോവത്തി ആയതിനാല്‍ എനിക്ക് മുഖ്യമന്ത്രിയാകാന്‍ കഴിഞ്ഞില്ല” : കെ.ആര്‍. ഗൗരിയമ്മ

ആലപ്പുഴ: തന്നെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി അധികാരത്തിലെത്തിയപ്പോള്‍ ഇ.എം.എസ് തന്നെ മുഖ്യമന്ത്രിയാക്കാതിരുന്നത് പിന്നാക്കജാതിക്കാരി ആയതുകൊണ്ടാണെന്ന് കെ.ആര്‍. ഗൗരിയമ്മ. പിന്നീടവര്‍ തന്നെ ചവിട്ടിപ്പുറത്താക്കി. വീട്ടില്‍ ഉറങ്ങിക്കിടന്ന നായനാരെ ഇ.എം.എസ് വിളിച്ചുവരുത്തി മുഖ്യമന്ത്രിയാക്കി. ഇ.എം.എസിന്റെ ഉള്ളിലെ ജാതിക്കുശുമ്പായിരുന്നു കാരണം.

”ഞാന്‍ ഒരുചോവത്തി ആയതിനാല്‍ എനിക്ക് മുഖ്യമന്ത്രിയാകാന്‍ കഴിഞ്ഞില്ല” -99ാം പിറന്നാള്‍ ആഘോഷിക്കുന്ന ജെ.എസ്.എസ് നേതാവ് കെ.ആര്‍. ഗൗരിയമ്മ സി.പി.എം തന്നോടുകാണിച്ച വിവേചനത്തിന്റെ ഓര്‍മകള്‍ മാധ്യമപ്രവര്‍ത്തകരോട് അയവിറക്കുകയായിരുന്നു. പിറന്നാള്‍ ആഘോഷത്തെക്കുറിച്ച് പറയുന്നതിനിടെയാണ് പാര്‍ട്ടിയില്‍ തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങളും വിവരിച്ചത്.

ഇപ്പോള്‍ ഇടതുമുന്നണിയിലെ ഘടകകക്ഷിയാണെന്ന വിചാരമാണ് ഗൗരിയമ്മക്ക്. എന്നാല്‍, അങ്ങനെയല്ലെന്ന് പാര്‍ട്ടിക്കാര്‍ ഓര്‍മിപ്പിച്ചപ്പോള്‍ തിരുത്തി. ഇപ്പോഴും പഴയ അനുഭവങ്ങള്‍തന്നെയാണ് അവരുടെ ഭാഗത്തുനിന്ന് ഉള്ളതെന്ന് പറഞ്ഞാണ് ഗൗരിയമ്മ മുഖ്യമന്ത്രിയാകാതിരുന്നതിന്റെ പിന്നിലെ കളികള്‍ വിവരിച്ചത്.

പിറന്നാള്‍ ആഘോഷം 11നാണ്. പ്രത്യേകിച്ച് ആരെയും അറിയിക്കുന്നില്ല. ആരെങ്കിലും അറിഞ്ഞെത്തിയാല്‍ ഊണുകഴിച്ച് മടങ്ങാം. അമ്പലപ്പുഴ പാല്‍പായസം അടക്കമുള്ള സദ്യവട്ടങ്ങളാണ് ഒരുക്കിയിട്ടുള്ളത്. അത്രമാത്രം. കേരളത്തില്‍ സ്ത്രീകള്‍ക്കുനേരെ അതിക്രമം വര്‍ധിക്കുകയാണ്. സര്‍ക്കാറിന് ഇതില്‍ ഒന്നുംചെയ്യാന്‍ കഴിഞ്ഞില്ല. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ നല്ലതും ചീത്തയുമായ കാര്യങ്ങള്‍ ഉണ്ട്. മോശം കാര്യങ്ങളാണ് അധികവും.

സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പോരാടാന്‍ തനിക്ക് ഇനിയും ശക്തിയുണ്ട്. പ്രായം അതിലൊരു പ്രശ്‌നമല്ല. ഇപ്പോള്‍ ജെ.എസ്.എസ് എന്നുപറഞ്ഞ് ചിലര്‍ നടക്കുന്നുണ്ട്. അവരൊന്നും ശരിയല്ല. തെരഞ്ഞെടുപ്പ് കമീഷന്‍ തന്റെ പാര്‍ട്ടിക്ക് മാത്രമാണ് അംഗീകാരം തന്നിട്ടുള്ളത്. അതില്‍ ആരും അവകാശം സ്ഥാപിക്കാന്‍ ശ്രമിക്കരുതെന്നും ഗൗരിയമ്മ പറഞ്ഞു.