കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതായി റിപ്പോര്‍ട്ട്. സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് ദിലീപ് അറസ്റ്റിലായതെന്ന് അറിയുന്നു. കേസുമായി ബന്ധപ്പെട്ട് രാവിലെ മുതല്‍ ദിലീപിനെ രഹസ്യകേന്ദ്രത്തില്‍വെച്ച് ചോദ്യം ചെയ്ത് വരികയായിരുന്നു. ദിലീപിനെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് അറസ്റ്റ്.
മുഖ്യപ്രതിയായ പള്‍സര്‍ സുനി നല്‍കിയ മൊഴി പ്രകാരമാണ് ദിലീപിനെതിരെ വ്യക്തമായ തെളിവ് ലഭിച്ചതെന്നാണ് വിവരം. കഴിഞ്ഞ ദിവസം സുനിയെ ചോദ്യം ചെയ്യലിനായി രഹസ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റിയിരുന്നു. മാധ്യമങ്ങളെ ഒഴിവാക്കി അതിരാവിലെ തന്നെയായിരുന്നു പോലീസിന്റെ നീക്കം. ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസിന്റെ അന്വേഷണത്തിനെന്ന പേരിലാണു പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയത്. നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുമ്പോഴായിരുന്നു സുനി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത്.
ഈ ഫോണിലൂടെ നടനും സംവിധായകനുമായ നാദിര്‍ഷയേയും നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പൂണ്ണിയേയും പള്‍സര്‍ സുനി വിളിച്ചു സംസാരിച്ചിരുന്നു എന്നും അന്വേഷണത്തില്‍ തെളിഞ്ഞു. നേരത്തെ ചോദ്യം ചെയ്യലില്‍ സുനി ദിലീപിനെതിരെ മൊഴി നല്‍കിയെങ്കിലും പിന്നീട് കൂടുതലൊന്നും വെളിപ്പെടുത്തന്‍ തയാറായില്ല. കസ്റ്റഡിയില്‍ ലഭിച്ച ശേഷം ഗൂഡാലോചന പുറത്ത് കൊണ്ടു വരാന്‍ അന്വേഷണസംഘം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് സുനിയെ ചോദ്യം ചെയ്യുന്നത് രഹസ്യകേന്ദ്രത്തിലേയ്ക്ക് മാറ്റിയത്. പിന്നാലെ സുനിയില്‍ നിന്നും നിര്‍ണായക വിവരം ലഭിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ദിലീപിന്റെ അറസ്റ്റഎ് സ്ഥിരീകരിക്കുകയും ചെയ്തു.
പണം ആവശ്യപ്പെട്ട് ബ്ലാക്ക്മെയില്‍ ചെയ്തുവെന്ന ദിലീപിന്റെ പരാതി കേസില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി നടത്തിയ നീക്കം മാത്രമായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന സൂചന.