കൃത്യം നടന്നത് ഫെബ്രുവരി 19ന്; ദിലീപിന്റെ അറസ്റ്റിനായി എടുത്തത്‌ അഞ്ചുമാസത്തോളം

ഇക്കഴിഞ്ഞ ഫെബ്രുവരി 17നാണ് ഓടുന്ന വാഹനത്തിൽ യുവനടി ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായെന്ന വാർത്ത കേരളത്തെ ഞെട്ടിച്ചത്. അക്രമികളിൽനിന്ന് രക്ഷപ്പെട്ട് സംവിധായകനും നടനുമായ ലാലിന്റെ വീട്ടിൽ നടി അഭയം തേടിയതിനു പിന്നാലെയാണ് വാർത്ത പുറംലോകമറിഞ്ഞത്. വിവരമറിഞ്ഞ് കാക്കനാട്ടെ ലാലിന്റെ വീട്ടിലെത്തിയ തൃക്കാക്കര എംഎൽഎ പി.ടി. തോമസ് ഉൾപ്പെടെയുള്ളവരുടെ ഇടപെടൽ സംഭവം പൊലീസിന്റെ ശ്രദ്ധയിലെത്തിച്ചു. മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും വിവാദങ്ങൾക്കുമൊടുവിൽ ഇപ്പോഴിതാ നടൻ ദിലീപ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നു. നടി അതിക്രമത്തിന് ഇരയായ സംഭവത്തിൽ ഗൂഢാലോചന നടത്തിയെന്നതാണ് ദിലീപിനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം. ഫെബ്രുവരി 17ന്മ നടിയെ അങ്കമാലി അത്താണിക്കു സമീപം തട്ടികൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം. കേസിലെ പ്രതിയായ ഡ്രൈവർ മാർട്ടിൻ ആന്റണിയെ പൊലീസ് അറസ്റ്റു ചെയ്യുന്നു.

ഫെബ്രുവരി 19- നടിയെ ആക്രമിച്ച കേസിൽ രണ്ടുപേർകൂടി പൊലീസ് പിടിയിൽ. ക്രിമിനൽ സംഘാഗങ്ങളായ ആലപ്പുഴ സ്വദേശി വടിവാൾ സലിം, കണ്ണൂർ സ്വദേശി പ്രദീപ് എന്നിവരാണ് പിടിയിലായത്.

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടു സിനിമാ പ്രവർത്തകർ കൊച്ചിയിൽ പ്രതിഷേധ ഐക്യദാർഢ്യ കൂട്ടായ്മ സംഘടിപ്പിക്കുന്നു.

ഫെബ്രുവരി20- നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. തമ്മനം സ്വദേശി മണികണ്ഠനാണു പിടിയിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി. ക്വട്ടേഷൻ സാധ്യതയെക്കുറിച്ചു അന്വേഷണ സംഘത്തിനു സൂചന ലഭിക്കുന്നു.

ഫെബ്രുവരി 21- നടിയെ ആക്രമിച്ച സംഭവത്തിൽ മലയാളത്തിലെ ഒരു നടന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.

ഫെബ്രുവരി 22- തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും ശത്രുക്കൾ കുപ്രചാരണം നടത്തുന്നതായും നടൻ ദിലീപ്. ക്രിമിനൽ ലഹരി ബന്ധമുള്ളവരെ സിനിമയിൽ സഹകരിപ്പിക്കില്ലെന്നു സിനിമാ സംഘടനകൾ.

ഫെബ്രുവരി 23- കോടതിയിൽ കീഴടങ്ങാനെത്തിയ മുഖ്യപ്രതി സുനിയെയും കൂട്ടാളി വിജീഷിനെയും പൊലീസ് കോടതി മുറിയിൽനിന്ന് അറസ്റ്റു ചെയ്തു. ബൈക്കിൽ കോടതി സമുച്ചയത്തിനു പിന്നിലുള്ള ക്ഷേത്രത്തിനു സമീപമെത്തി മതിൽചാടിക്കടന്നാണ് ഇരുവരും കോടതി മുറിയിൽ പ്രവേശിച്ചത്

ഫെബ്രുവരി 24- യുവനടിയെ ആക്രമിച്ചവർ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്നു കരുതുന്ന മൊബൈൽ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞില്ല. ഫോണിനെക്കുറിച്ചുള്ള ചോദ്യത്തിനു സുനിൽ വ്യക്തമായ മറുപടി പറഞ്ഞില്ല. ക്വട്ടേഷൻ ഏറ്റെടുത്തത് 50 ലക്ഷം രൂപയ്‌ക്കെന്നു സുനിൽ. പ്രതികളെ റിമാൻഡ് ചെയ്തു.

ഫെബ്രുവരി 25-സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടില്ലെന്നു മുഖ്യമന്ത്രി. സംഭവത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നു പൊലീസ് കോടതിയിൽ. നാലുപ്രതികളെയും നടി തിരിച്ചറിയുന്നു. സുനിയെയും വിജീഷിനെയും മാർച്ച് എട്ടുവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകുന്നു

ഫെബ്രുവരി 26-കേസിൽ നിലപാട് മാറ്റി മുഖ്യമന്ത്രി. ഗൂഢാലോചന ഇല്ലെന്നു പറഞ്ഞിട്ടില്ല. കോയമ്പത്തൂരിൽനിന്നു പ്രതികളുടെ മൊബൈൽ ഫോണും കംപ്യൂട്ടറും കണ്ടെടുക്കുന്നു

ഫെബ്രുവരി 27- കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിന്റേതെന്ന പേരിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണം പരിശോധിക്കണമെന്നു ഫെയ്‌സ്ബുക് നടത്തിപ്പുകാരോടു സുപ്രീംകോടതി. പൊലീസ് ചോദ്യം ചെയ്യലിൽ ദൃശ്യങ്ങളെക്കുറിച്ചു മറുപടി നൽകാതെ സുനിൽ.

ഫെബ്രുവരി 28- സുനിൽകുമാറിന്റെ മൊബൈൽ ഫോണിനായി ബോൾഗാട്ടി പാലത്തിൽ നാവികസേന തിരച്ചിൽ നടത്തുന്നു

മാർച്ച് 2- നടിയുടെ ദൃശ്യങ്ങൾ പകർത്തിയെന്നു കരുതുന്ന ഫോൺ കണ്ടെത്താനാകാതെ പൊലീസ്

മാർച്ച് 3- കൂടുതൽ അന്വേഷണം നടത്തണമെന്നു പൊലീസ് കോടതിയിൽ. നാലുപ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടിവാങ്ങി

മാർച്ച് 19- സുനിയുമായി അടുപ്പമുള്ള ഷൈനിയെന്ന യുവതി അറസ്റ്റിൽ.

ജൂൺ 24-നടിക്കുനേരെയുള്ള ആക്രമണത്തെക്കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. ബ്ലാക്ക് മെയിൽ ചെയ്തു പണം തട്ടാൻ ശ്രമം നടക്കുന്നതായി നടൻ ദിലീപും സംവിധായകൻ നാദിർഷായും. സുനിൽ എഴുതിയതെന്നു കരുതുന്ന കത്ത് പുറത്ത്. സുനിലിന്റേതെന്നു കരുതുന്ന ഫോൺ സംഭാഷണവും പുറത്താകുന്നു.

ജൂൺ 25- തന്നെയും സിനിമകളെയും തകർക്കാൻ ശ്രമമെന്ന് ദിലീപ്.

ജൂൺ 26- നടൻ ദിലീപിനെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതി സുനിലിന്റെ സഹതടവുകാരനായ വിഷ്ണു അറസ്റ്റിൽ.

ജൂൺ 27- നടിയെ അപമാനിക്കുന്ന പരാമർശങ്ങൾക്കെതിരെ സിനിമയിലെ വനിതാ കൂട്ടായ്മ. അനാവശ്യമായ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നു നടി

ജൂൺ 28- നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെയും സംവിധായകൻ നാർദിഷായുടെയും മൊഴിയെടുത്തു. ആലുവ പൊലീസ് ക്ലബ്ബിലെ മൊഴിയെടുക്കൽ 13 മണിക്കൂർ നീണ്ടു

ജൂൺ 29- നടിക്കുനേരെയുണ്ടായ അക്രമം ‘അമ്മ’യോഗം ചർച്ച ചെയ്തില്ല. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മുന്നിൽ ചൂടായി നടൻമാർ

ജൂലൈ 10-നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിൽ. ആക്രമണത്തിനു പിന്നിൽ വ്യക്തി വൈരാഗ്യമെന്നു പൊലീസ്.