ഫാ. ടോം ഉഴന്നാലില്‍ ജീവനോടെയുണ്ടെന്ന് യെമന്‍ സര്‍ക്കാര്‍

യെമനില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോയ വൈദികന്‍ ഫാ. ടോം ഉഴന്നാലില്‍ ജീവനോടെയുണ്ടെന്ന് യെമന്‍ സര്‍ക്കാര്‍. ടോം ഉഴുന്നാലിന്റെ വേഗത്തിലുള്ള മോചനത്തിനായി യെമന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനോട് യെമന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ അബ്ദുല്‍ജലീല്‍ അല്‍ മെഖാല്‍ഫി അറിയിച്ചു.

ന്യുഡല്‍ഹിയില്‍ യെമന്‍ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഈ വിഷയത്തിലുള്ള ആശങ്ക സുഷമ സ്വരാജ് അറിയിച്ചപ്പോഴാണ് ഇതുവരെ ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫാദര്‍ ജീവനോടെയുണ്ടെന്ന് യെമന്‍ സര്‍ക്കാര്‍ അറിയിച്ചത്. ഫാദറിന്റെ മോചനവുമായില ബന്ധപ്പെട്ട എല്ലാ സഹകരണത്തിനും യെമന്‍ തയ്യാറാണെന്നും മന്ത്രി അറിയിച്ചു. മേയില്‍ തന്നെ മോചിപ്പിക്കണമെന്ന് ഫാ. ടോം ഉഴുന്നാലില്‍ അഭ്യര്‍ഥിക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു.

2016 ഏപ്രിലില്‍ ആണ് ടോം ഉഴുന്നാലിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്.മദര്‍ തെരേസ രൂപംകൊടുത്ത ‘ഉപവിയുടെ സഹോദരിമാര്‍’ (മിഷനറീസ് ഓഫ് ചാരിറ്റി) സന്യാസിനീസമൂഹം യെമനിലെ ഏഡനില്‍ നടത്തിയിരുന്ന വൃദ്ധസദനം ആക്രമിച്ചാണു 2016 മാര്‍ച്ച് നാലിനു ഭീകരര്‍ ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. എന്നാല്‍, തട്ടിക്കൊണ്ടുപോയതിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.